അയ്യായിരം വാഹനങ്ങൾ മോഷ്ടിച്ചയാൾ അപ്രതീക്ഷിതമായി വലയിൽ, 180 ക്രിമിനൽ കേസുകളിലെ പ്രതിയെ പിടികൂടിയത് മറ്റൊരു കുറ്റത്തിന്
ന്യൂഡൽഹി : ഡൽഹി പൊലീസിന് തവവേദനയായ വാഹനമോഷ്ടാവ് പിടിയിൽ. അയ്യായിരത്തോളം വാഹനങ്ങൾ മോഷ്ടിച്ച അനിൽ ചൗഹാൻ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. അടുത്തിടെ ഡൽഹിയിൽ അനധികൃത ആയുധ ഇടപാടുകൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. അനിൽ ചൗഹാന്റെ പേരിൽ 180 ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.ആയുധക്കച്ചവടത്തെ കുറിച്ച് പൊലീസ് അന്വേഷണമാണ് വാഹന മോഷ്ടാവിലേക്ക് എത്തിയത്. പ്രതി അനിൽ ചൗഹൻ ഡൽഹിയിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ദേശ്ബന്ധു റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും നാടൻ പിസ്റ്റളും, തിരകളും മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു. തുടരന്വേഷണത്തിൽ മോഷ്ടിച്ച കാറും അഞ്ച് തോക്കും പിടിച്ചെടുത്തു. 1997 മുതൽ അനിൽ ചൗഹാൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന അനിൽ ഉദ്ദേശം അയ്യായിരം വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിസാമുദീൻ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ അഞ്ച് വർഷം തടവ് ശിക്ഷ ഇയാൾ അനുഭവിച്ചിട്ടുണ്ട്.