ഫോൺ വിളിച്ചാൽ ലൗഡ് സ്പീക്കറിൽ ഇടും, റെക്കാഡ് ചെയ്യും, ആത്മഹത്യ ചെയ്ത ഗർഭിണി ഭർത്തൃവീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനമെന്ന് ആരോപണം
പറവൂർ: മൂന്നുമാസം ഗർഭിണിയായ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ചേന്ദമംഗലം കവല സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പറവൂത്തറ ഐക്കത്തറ രഞ്ജിത്തിന്റെ ഭാര്യ അമലയാണ് (24) മരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് കാരാളി അനന്തപുരി ആശുപത്രിക്കു സമീപം സരസ്വതി വിലാസത്തിൽ വിജയകുമാർ രാജേശ്വരി ദമ്പതികളുടെ മകളാണ്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് അമലയുടെ വീട്ടുകാർ തിരുവനന്തപുരം വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകി.ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ രഞ്ജിത്തിന്റെ പിതാവ് കിടപ്പുമുറിയുടെ വാതിൽ കുത്തിത്തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ രഞ്ജിത്തിനെ വിളിച്ചുവരുത്തി ഓട്ടോയിൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പ് മരിച്ചു.2020 ആഗസ്റ്റ് 24 നായിരുന്നു ഇവരുടെ വിവാഹം. അമലയുടെ മാതൃസഹോദരിയുടെ മകൾ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. ഇവർ മുഖേനയാണ് വിവാഹാലോചന വന്നത്. അമലയെ ഭർതൃവീട്ടുകാർ സ്വന്തം വീട്ടിലേക്കു വിടാറില്ലെന്നും ഫോൺ വിളിക്കാൻ അനുവദിക്കാറില്ലെന്നും അമലയുടെ ബന്ധുക്കൾ ആരോപിച്ചു. ഫോൺ വിളിച്ചാൽ ലൗഡ് സ്പീക്കറിൽ ഇടും. റെക്കാഡ് ചെയ്യും. മരണശേഷമാണ് ഗർഭിണിയാണെന്ന വിവരം അറിയിച്ചതെന്നും ആരോപിച്ചു. എന്നാൽ, മുമ്പ് രണ്ടുതവണ അമലയുടെ ഗർഭം അലസിയതിനാൽ ദൂരയാത്ര ഒഴിവാക്കാനാണ് തിരുവനന്തപുരത്തെ വീട്ടിലേക്ക് വിടാതിരുന്നതെന്ന് രഞ്ജിത്തിന്റെ വീട്ടുകാർ പറയുന്നു.രഞ്ജിത്തും പിതാവ് അശോകനും മാതാവ് ബിന്ദുവുമാണ് വീട്ടിലെ താമസക്കാർ. പ്രസവത്തിനായി വിട്ടിലേക്ക് കൂട്ടികൊണ്ടുവന്ന രഞ്ജിത്തിന്റെ സഹോദരിയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. വിശദമായ അന്വേഷണം നടത്തുന്നതായി പറവൂർ പൊലീസ് പറഞ്ഞു. എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. അമലയുടെ സഹോദരൻ ആരോമൽ.