അമ്മായിയച്ഛനെ വീട്ടിൽക്കയറി കരണത്തടിച്ച് പൊലീസുകാരി, വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടി
ന്യൂഡൽഹി: അമ്മായിയച്ഛനെ മാതാവിന്റെ മുന്നിലിട്ട് കരണത്തടിച്ച് ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ. ഇന്നലെ ഡൽഹിയിൽ വയോധികന്റെ വീട്ടിലായിരുന്നു സംഭവം. നഗരത്തിലെ ഡിഫൻസ് കോളനി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ യുവതിയും അമ്മയുമാണ് അമ്മായിയച്ഛനെ മറ്റൊരു പൊലീസുകാരന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചത്.യുവതി വയോധികനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭർതൃവീട്ടുകാർക്കെതിരെ നിയമപോരാട്ടത്തിലാണ് യുവതി. ഇതിനിടയിലാണ് മർദ്ദനം നടന്നത്. യുവതിയും വയോധികനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെ വയോധികൻ യുവതിയുടെ മാതാവിനെ കയ്യേറ്റം ചെയ്തു. ഇത് കണ്ട യുവതി ഭർതൃപിതാവിനെ നിരന്തരം തല്ലുകയായിരുന്നു. യുവതിയുടെ മാതാവും വയോധികനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസുകാരൻ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്.