ബാങ്കുകൾക്കും രക്ഷയില്ല, ഹാക്ക് ചെയ്ത് മലപ്പുറത്തെ ബാങ്കിൽ നിന്നും 70 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ
മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിലൂടെ 70 ലക്ഷത്തോളം തട്ടിയെടുത്ത രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. ഉപഭോക്താക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പറുകൾ മാറ്റി പകരം വ്യാജമായി സിം കാർഡുകൾ സംഘടിപ്പിച്ച് ഈ നമ്പറുകളിലേക്ക് ഒ.ടി.പി വരുന്നവിധം സെറ്റ് ചെയ്ത് നാല് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നാണ് 70 ലക്ഷം രൂപയോളം തട്ടിയെടുത്തത്.ബാങ്ക് മാനേജർ അബ്ദുൽ നാസറിന്റെ പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തു. ബാങ്കിൽ നൽകിയ വ്യാജമായ നമ്പറുകളെ കുറിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. എസ്.എച്ച്.ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ 15 ദിവസം ഡൽഹിയിൽ തങ്ങിയുള്ള അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികളായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയും ഇഖെന്ന കോസ്മോസ് എന്ന യുവാവും പിടിയിലായത്.19 ബാങ്കുകളിലേക്കായിട്ടാണ് പ്രതികൾ തുക ട്രാൻസ്ഫർ ചെയ്തു മാറ്റിയത്. ബീഹാർ, മിസോറം, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വ്യാജമായ മേൽവിലാസങ്ങൾ നൽകിയാണ് തട്ടിപ്പുകാർ പലരുടെയും അക്കൗണ്ട് ഓപ്പൺ ചെയ്തിരിക്കുന്നതെന്നും എ.ടി.എം വഴിയായി ഡൽഹി, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായിട്ടാണ് പ്രതികൾ തുക പിൻവലിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം ഭൂരിഭാഗവും നൈജീരിയയിലേക്ക് കൈമാറ്റം ചെയ്തതായും ഇടനിലക്കാരായി പ്രവർത്തിച്ചു ബാങ്കിടപാടുകൾ നടത്തിയവർക്ക് കമ്മിഷൻ നൽകിയതായും പ്രതികൾ സമ്മതിച്ചു.ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് കസ്റ്റമറുടെ ഡാറ്റ കൈക്കലാക്കാനായി ബാങ്ക് സെർവറും മൊബൈൽ ബാങ്കിംഗ് സെർവറും കൈകാര്യം ചെയ്തിരുന്ന പ്രൈവറ്റ് കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയ സംഘത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ റിയാസ്, സി.പി.ഒ കെ.ടി. രഞ്ജിത്ത് , വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ദീപ, ഡാൻസാഫ് സ്ക്വാഡിലെ ശൈലേഷ്, സലിം, ദിനേശ്, പൊലീസ് ഡ്രൈവർ സി.വി രാമചന്ദ്രൻ, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു.