തെലങ്കാനയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി 17കാരന് ഗുരുതര പരുക്ക്
ഹൈദരാബാദ്: തെലങ്കാനയില്‍ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോ എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി 17കാരന് ഗുരുതര പരുക്ക്. ഹനംകൊണ്ട ജില്ലയിലെ കാസിപ്പേട്ട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. വാഡെപ്പള്ളി സ്വദേശിയായ അക്ഷയ് രാജിനാണ് പരുക്കേറ്റത്. വാറങ്കലിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് പരുക്കേറ്റ അക്ഷയ് രാജ്. അമിത വേഗതയിലെത്തിയ ട്രെയിനിടിച്ചാണ് അപകടം. ബല്ഹാര്ഷയില് നിന്ന് വാറങ്കലിലേക്ക് വരികയായിരുന്ന ട്രെയിന്‍ തട്ടിയാണ് പരുക്കേറ്റത്. ഓടുന്ന ട്രെയിന്‍ പശ്ചാത്തലമാക്കാന്‍ ശ്രമിച്ച് ട്രാക്കിന് സമീപത്ത കൂടി നടന്നതാണ് അപകടത്തിന് കാരണമായത്.
അക്ഷയ് രണ്ട് സുഹൃത്തുക്കള്‍ക്ക് ഒപ്പം റീല്‍ വീഡിയോ ചെയ്യുകയായിരുന്നുവെന്നും അതിവേഗത്തില്‍ വന്ന ട്രെയിന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് കാസിപ്പേട്ട് റെയില്‍വേ പൊലീസ് പറഞ്ഞു. അപകടം നടന്നയുടന്‍ റെയില്‍വേ പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അക്ഷയ്യുടെ കാലിനും മുഖത്തും മുറിവേറ്റിട്ടുണ്ട്.