ഓണാഘോഷത്തിന് തലസ്ഥാനം സർവ്വസജ്ജം, മ്യൂസിയം പരിസരം, ഗ്രീൻഫീൽഡ് തുടങ്ങി ഇരുപതോളം വേദികൾ, ഏതൊക്കെ പരിപാടികൾ എവിടെയെന്നറിയാം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്തംബർ ആറ്) കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്ക്കാര ജേതാവ് അപർണ ബാലമുരളി, പ്രശസ്ത സിനിമാതാരം ദുൽഖർ സൽമാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും കൈരളി ടിവിയുടെ നേതൃത്വത്തിൽ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവർ നയിക്കുന്ന സംഗീത സദസുമാണ് ഉദ്ഘാടന ദിവസത്തെ പ്രധാന ആകർഷണം. നവ്യ നായർ, പാരീസ് ലക്ഷ്മി, എന്നിവരുടെ നൃത്തവും തൈക്കുടം ബ്രിഡ്ജ്, അഗം ബാൻഡുകളുടെ സംഗീത പ്രകടനവുമാണ് മറ്റ് ആകർഷണങ്ങൾ. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിന്നണി ഗായിക സിതാരയുടെ ഗാനമേളയും രമേഷ് നാരായണൻ അവതരിപ്പിക്കുന്ന സിംഫണി ഫ്യൂഷനും അരങ്ങേറും.മറ്റൊരു പ്രധാന വേദിയായ ഗ്രീൻഫീഡ് സ്റ്റേഡിയത്തിൽ എല്ലാ ദിവസവും രാത്രി വിവിധ ചാനലുകളുടെ നേതൃത്വത്തിൽ പരിപാടികൾ അറങ്ങേറും. പതിവുപോലെ ഇത്തവണയും പൂജപ്പുര മൈതാനമാണ് ഗാനമേളകൾക്ക് വേദിയാകുന്നത്.ഇതിന് പുറമെ വൈലോപ്പിളി സംസ്കൃതി ഭവൻ, ഭാരത് ഭവൻ, സൂര്യകാന്തി, പബ്ലിക് ഓഫീസ് പരിസരം,ഗാന്ധിപാർക്ക്, മ്യൂസിയം പരിസരം, അയ്യങ്കാളി ഹാൾ, കാർത്തിക തിരുനാൾ തീയേറ്റർ, ശംഖുമുഖം, നെടുമങ്ങാട്, മുടവൂർ പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര മുൻസിപ്പൽ ഗ്രൗണ്ട്, കോട്ടയ്ക്കകം ചിത്തിര തിരുനാൾ പാർക്ക്, ആക്കുളം എന്നിവിടങ്ങളും ഓണാഘോഷത്തിന് വേദികളാവും.സെപ്തംബർ ആറുമുതൽ 12 വരെ ജില്ലയിലെ 32 പ്രധാനവേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാരാണ് വിവിധ പരിപാടികൾ അവതരിപ്പിക്കുന്നത്. പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇത്തവണ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക് എന്നിവയടങ്ങുന്ന ട്രേഡ് ഫെയറും എക്സിബിഷനുമാണ് മറ്റൊരു പ്രധാന ആകർഷണം. കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷൻ ഗ്രൗണ്ടിൽ രാവിലെ പത്ത് മുതൽ രാത്രി പത്തുവരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കലാപരിപാടികളും നഗരത്തിലെ വൈദ്യുത ദീപാലങ്കാരവും കാണാനെത്തുന്നവരെ ആകർഷിക്കുന്ന വിധമാണ് ട്രേഡ് ഫെയർ സജ്ജീകരിച്ചിരിക്കുന്നത്.ഓണംവാരാഘോഷത്തിന്റെ സംഘാടന ഏകോപന ദൗത്യം ഏറ്റെടുക്കാൻ 250 വോളന്റിയർമാരുമുണ്ടാകും. ഇതാദ്യമായാണ് ഓണംവാരാഘോഷത്തിന് പരിശീലനം നേടിയ വോളന്റിയർമാരെ രംഗത്തിറക്കുന്നത്. ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായി തൃശൂരിൽ നിന്നുള്ള പുലികളി സംഘവും അനന്തപുരിയിലെത്തിയിട്ടുണ്ട്.