പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചത് സ്കൂൾ ടോയ്ലറ്റിൽ , കുഞ്ഞിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; പ്രതി പത്താംക്ലാസുകാരൻ
ചെന്നൈ: സ്കൂളിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ഭുവനഗിരിയിലാണ് സംഭവം. പെൺകുട്ടിയെ ഗർഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു.വ്യാഴാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട ഒരു വിദ്യാർത്ഥി അദ്ധ്യാപകരോട് പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. കുഞ്ഞിന്റെ പൊക്കിൾക്കൊടി ശരിയായി മുറിഞ്ഞിട്ടില്ലാത്തതിനാൽ സ്കൂളിൽ തന്നെയാവും പ്രസവം നടന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്. സ്കൂളിലെ ടോയ്ലറ്റിൽ വച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ സ്കൂൾ മതിലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് പോവുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മറ്റൊരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് തന്നെ ഗർഭിണിയാക്കിയതെന്നും കുട്ടി വെളിപ്പെടുത്തി.പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആൺകുട്ടിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു