തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക് വർദ്ധിക്കുന്നു; ഇടയലേഖനവുമായി തലശ്ശേരി അതിരൂപത
കണ്ണൂർ: ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കൾ വർദ്ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ‘സ്നേഹിച്ചുവളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർത്ഥനാനിയോഗമായി നമുക്ക് സമർപ്പിക്കാം.മക്കൾ സുരക്ഷിതരായിരിക്കാൻ എട്ടുനോമ്പിൽ തീക്ഷണമായി പ്രാർത്ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം -ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളിൽ വായിച്ച ഇടയലേഖനത്തിലൂടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഭൂദാന പ്രസ്ഥാനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.നേരത്തേയും ലൗ ജിഹാദിനെതിരെ ക്രിസ്തീയ സഭകൾ രംഗത്തെത്തിയിരുന്നു. കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് ഏറെ വിവാദമായിരുന്നു. നർക്കോട്ടിക്-ലൗ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഇക്കാര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ചുപറഞ്ഞ് സിറോ മലബാർ സഭയും രംഗത്തെത്തിയിരുന്നു. വിവിധ രൂപതകളിൽ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്നായിരുന്നു സഭയുടെ വിശദീകരണം. എന്നാൽ കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നാണ് സർക്കാരിന്റെയും ഇടത് യുവജന സംഘടനകളുടെയും നിലപാട്.