എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ അറസ്റ്റിൽ
മൈസൂരു: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ അപൂർവ ഷെട്ടിയെയാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഹുന്‍സൂര്‍ റോഡിലാണ് സംഭവം.മൈസൂർ സിറ്റി ക്രൈംബ്രാഞ്ച് ഡി.സി.പി പ്രദീപ് ഗുണ്ടി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പിരിയപട്ടണം താലൂക്കിലെ ഹരലഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന അപൂർവ ഷെട്ടി അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്നു.അപൂര്‍വയും കാമുകനായ ഹിങ്കല്‍നിവാസി ആഷിക്കും (26) ഓഗസ്റ്റ് 29-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. സെപ്തംബര്‍ ഒന്നിന് രാവിലെ മുറിയില്‍ നിന്നും പുറത്തുപോയ ആഷിക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി റൂമിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസെത്തി മുറി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തമൊലിക്കുന്ന നിലയിലായിരുന്നു അപൂര്‍വയുടെ മൃതദേഹം.അപൂര്‍വയും ആഷിക്കും തമ്മിലുള്ള പ്രണയം വീട്ടുകാർക്ക് അറിയാമായിരുന്നു. പരസ്പരം കാണരുതെന്ന താക്കീതും നൽകിയിരുന്നു. അന്വേഷണം പൂർത്തിയായ ശേഷമേ വിശദമായ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.