തൃശൂര്‍ : ഗുജറാത്തില്‍ നിന്നെത്തിയ 30അംഗ സംഘത്തെ മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. പൊലീസ് എത്തി രേഖകള്‍ പരിശോധിച്ചതിന് പിന്നാലെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ വിട്ടയച്ചു. ഗുജറാത്തിലെ വാപിയില്‍ നിന്നും 16311 നമ്ബര്‍ ശ്രീനഗര്‍ കൊച്ചവേളി എക്സ്പ്രസില്‍ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. മൂരിയാട് എമ്ബറര്‍ ഇമ്മാനുവല്‍ സഭയുടെ തിരുനാള്‍ ആഘോഷം കാണുന്നതിന് എത്തിയ സംഘത്തെയാണ് തടയാനെത്തിയത്.
തിരുനാള്‍ ആഘോഷം കാണാന്‍ എത്തിയതാണെന്ന് വ്യക്തമാക്കിയ സംഘത്തിന്റെ രേഖകള്‍ തൃശൂര്‍ റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും ചേര്‍ന്ന് പരിശോധിച്ചു. തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചുപോകുന്നതിനുള്ള റെയില്‍വേ ടിക്കറ്റ് അടക്കം ഇവരില്‍ ഉണ്ടായിരുന്നു. ഒരു മണിക്കൂറില്‍ അധികം നീണ്ട പരിശോധനയില്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് സംഘത്തെ പൊലീസ് പോകാന്‍ അനുവദിച്ചു. ജില്ലയുടെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ ഹിന്ദുസംഘടനയുടെ പേരില്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. പൊലീസ് കാര്യം ധരിപ്പിച്ചതോടെ ഇവര്‍ മടങ്ങി. വര്‍ഗീയത പരത്തി റെയില്‍വേ സ്റ്റേഷനില്‍ സംഘര്‍ഷത്തിനായിരുന്നു ഇവരുടെ ശ്രമം. വിവരമറിഞ്ഞ് പൊലീസ് നിലയുറപ്പിച്ചതോടെ നീക്കംപാളുകയായിരുന്നു. ഗുജറാത്തിലെ സെല്വാസയില്നിന്ന് ആദിവാസികളായ 500ഓളം പേരെ മതപരിവര്‍ത്തനത്തിനായി തൃശൂരിലെത്തിക്കുന്നതായാണ് ചിലര്‍ വാട്ട്സാപ്പ്വഴി പ്രചരിപ്പിച്ചത്.