ആരോഗ്യ ശാസ്ത്ര സര്‍വകലാശാല യൂണിയന് നോര്‍ത്ത് സോണ്‍ കലോത്സവത്തിന് തുടക്കമായി
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല യൂണിയന് നോര്‍ത്ത് സോണ്‍ കലോത്സവം ആരോഹ് 2022ന് തുടക്കമായി. പെരിയ ആയമ്പാറ സി മെറ്റ് നഴ്സിംഗ് കോളേജില്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കലോത്സവം. സ്റ്റേജിതര മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി മെറ്റ് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ടി.പി.ഗീത അധ്യക്ഷയായി. കഥാകൃത്ത് കെ.എന്‍.പ്രശാന്ത് ചടങ്ങില്‍ അതിഥിയായി. ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കാര്‍ത്യായനി, പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം ലത രാഘവന്, ആരോഗ്യസര്‍വകലാശാല സെനറ്റംഗം പ്രതീക്ഷ, കോളേജ് സൂപ്രണ്ട് നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറി സബിന്‍ രാജ് സ്വാഗതവും സെനറ്റംഗം വിനായകന് നന്ദിയും പറഞ്ഞു.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 104 കോളേജുകളില്‍ നിന്നായി 104 മത്സര ഇനങ്ങളില്‍ 5000ല്‍ പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരുക്കും. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യ സര്‍വ്വകലാശാല കലോത്സവം ജില്ലയില്‍ നടത്തുന്നത്.