തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കർ പദവി രാജിവച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറി. മന്ത്രിസഭയിലേയ്ക്കെത്തുന്നതിന് മുന്നോടിയായിട്ടാണ് രാജി. എം ബി രാജേഷിന് പകരം തലശേരി എം എൽ എ എ എൻ ഷംസീർ സ്പീക്കറാകും.എം വി ഗോവിന്ദന് പകരക്കാരനായിട്ടാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എ കെ ജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തദ്ദേശം, എക്സൈസ് എന്നീ പ്രധാനപ്പെട്ട വകുപ്പുകളാണ് എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത്. അതിനാൽ എം ബി രാജേഷ് പകരക്കാരനാകുന്നതാണ് ഉചിതമെന്ന് യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായമുയർന്നിരുന്നു. തുടർന്നാണ് രാജേഷിനെ തിരഞ്ഞെടുത്തത്.എം വി ഗോവിന്ദൻ കണ്ണൂർ സ്വദേശിയാണ്. ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാൽ സ്പീക്കർ പദവിയിലേയ്ക്ക് കണ്ണൂരിൽ നിന്നുള്ള ജനപ്രതിനിധിയായ ഷംസീറിനെ തിരഞ്ഞെടുക്കുകയായിരുന്നു.