മാലിന്യ പ്രശ്നങ്ങളില്‍ എല്ലാവരും ജാഗ്രത പാലിക്കണം- എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ
മികച്ച പ്രവര്‍ത്തനം നടത്തിയ ഹരിത കര്‍മ സേനകളെ ആദരിച്ചു
കാസര്‍കോട് :ഹരിത കര്‍മ സേനാംഗങ്ങള്‍ കേരളത്തിന്റെ സൈന്യമാണെന്ന് ഭാവിതലമുറ പറയുമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഹരിത കര്‍മ സേന ജില്ലാതല സംഗമം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. കേരളം അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നത്തില്‍ എല്ലാവരും ജാഗ്രത കാണിക്കണം. ഹരിത കര്‍മ സേനാംഗങ്ങള്‍ വീടുകളിലേക്കെത്തുമ്പോള്‍ നേരിടുന്ന അവഗണന ഇല്ലാതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡുകള്‍ തോറും ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിയ ഹരിത കര്‍മ സേനകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും എം.എല്‍.എ പുരസ്കാരം നല്കി. നഗരസഭകളില്‍ നീലേശ്വരവും പഞ്ചായത്തുകളില്‍ ബേഡഡുക്കയും ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. മികച്ച പ്രവര്‍ത്തനം നടത്തിയ കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകള്‍ക്കും, കിനാനൂര്‍ കരിന്തളം, പിലിക്കോട്, മടിക്കൈ, ചെമ്മനാട് പഞ്ചായത്തുകള്‍ക്കും പുരസ്കാരം കൈമാറി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ.രവി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് എ.ഡി.പി കെ.വി.ഹരിദാസന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ.പ്രദീപന്, കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് സ്വാഗതവും ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എ. ലക്ഷ്മി നന്ദിയും പറഞ്ഞു.
പുരസ്കാരത്തിനര്‍ഹരായ ഹരിത കര്‍മ സേനകളുടെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ അവതരണം നടത്തി. ഹരിത കര്‍മ സേനകളുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു. സേനാ അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ചര്‍ച്ചയായി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്സണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.