ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ലോക് അദാലത്തിന് ദേലംപാടി പഞ്ചായത്തില്‍ തുടക്കം
48 പരാതികള്‍ തീര്‍പ്പാക്കി
കാസർകോട് :നീതി വീട്ടുപടിക്കല്‍ എന്ന മുദ്രാവാക്യവുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടത്തുന്ന ലോക് അദാലത്തിന് ദേലംപാടി പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) നവീന്‍ ബാബു ലോക് അദാലത്ത് ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ബി.കരുണാകരന് അധ്യക്ഷത വഹിച്ചു. രാവിലെ പത്തിന് ആരംഭിച്ച അദാലത്തില്‍ നേരത്തെ ലഭിച്ച 80 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 48 പരാതികള്‍ തീര്‍പ്പാക്കി. വഴി തര്‍ക്കം, പട്ടയ പ്രശ്നം , പട്ടികജാതി, പട്ടികവര്‍ഗ കോളനികളുടെ വികസനം, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പരാതികൾ ഏറെയും. അദാലത്തില്‍ നേരിട്ട ലഭിച്ച 160 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.രാവിലെ 10ന് ആരംഭിച്ച അദാലത്ത് വൈകീട്ട് അഞ്ച് വരെ നീണ്ടു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ബി.കരുണാകരന്റെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ചത്. ദേലംപാടി പഞ്ചായത്തിലെ അദാലത്തിന് ശേഷം അടുത്ത പഞ്ചായത്തില്‍ അദാലത്തിന്റെ വിവരം അറിയിക്കും. ഈ ഇടവേളയില്‍ ദേലപാടി പഞ്ചായത്തില്‍ രണ്ടാം സിറ്റിംഗ് നടത്താനാണ് തീരുമാനം. രണ്ട് വര്‍ഷം മുമ്പ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പഞ്ചായത്തുകള്‍ തോറും ലോക് അദാലത്ത് നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അദാലത്ത് നിര്‍ത്തിവെക്കുകയായിരുന്നു.
ബേക്കൽ ഡിവൈഎസ്പി സി.കെ സുനില്‍ കുമാര്‍ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ ഡി ബാലചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ദേലംപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉഷ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.എ അബ്ദുള്ള കുഞ്ഞി നന്ദിയും പറഞ്ഞു.