പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി വി ശങ്കരനാരായണൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി വി ശങ്കരനാരായണൻ (77) അന്തരിച്ചു. കർണാടക സംഗീതത്തിലെ മധുരൈ മണി അയ്യർ ശൈലിയുടെ അമരക്കാരനാണ് ടി വി ശങ്കരനാരായണൻ. ആറ് പതിറ്റാണ് നീണ്ട സംഗീത സപര്യയാണ് അവസാനിച്ചത്. മണി അയ്യരുടെ മരുമകൻ കൂടിയാണ് ശങ്കരനാരായണൻ. സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്.1945ൽ തമിഴ്നാട്ടിലെ മയിലാടുതുറൈയിലാണ് ശങ്കരനാരായണന്റെ ജനനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ചെന്നൈയിൽ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം മണി അയ്യർക്കൊപ്പം മയിലാടുതുറൈയിലെത്തിയത്. 1950കളിൽ കുടുംബം ചെന്നൈയിലേക്ക് മടങ്ങി. പഠിച്ചത് നിയമമാണെങ്കിലും അദ്ദേഹം തന്റെ ജീവിതം സംഗീതത്തിനായി മാറ്റിവയ്ക്കുകയായിരുന്നു.മധുരൈ മണി അയ്യർക്കൊപ്പം നിരവധി വേദികൾ ശങ്കരനാരായണൻ പങ്കിട്ടിട്ടുണ്ട്. 2003ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം നേടിയ അദ്ദേഹത്തെ ഇതേ വർഷം തന്നെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. സംഗീതജ്ഞരായ അമൃത ശങ്കരനാരായണൻ, മഹാദേവൻ എന്നിവർ മക്കളാണ്.