മണിപ്പൂരിൽ നിതീഷിന് തിരിച്ചടി; ആറ് എം എൽ എമാരിൽ അഞ്ച് പേരും ബി ജെ പിയിലേയ്ക്ക്
ഗുവാഹത്തി: ആർജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് ബിഹാറിൽ സഖ്യ സർക്കാർ പൊളിച്ച നിതീഷ് കുമാറിനോട് മണിപ്പൂരിൽ പകരം വീട്ടി ബിജെപി. മണിപ്പൂരിലെ അഞ്ച് ജെഡിയു എംഎൽഎമാരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നത്. എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് സ്പീക്കർ അംഗീകാരം നൽകിയതായി നിയമസഭാ സെക്രട്ടറി കെ മേഘജിത്ത് സിംഗ് അറിയിച്ചു. മണിപ്പൂരിൽ ജെഡിയുവിന് ആകെ ആറ് എംഎൽഎമാരാണുള്ളത്. അതിൽ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്.ഒമ്പത് വർഷത്തിനിടെ ബിഹാറിൽ രണ്ടാം തവണയും ബിജെപിയെ പാതിവഴിയിൽ കൈവിട്ടതിന് പിന്നാലെയാണ് ജെഡിയു മണിപ്പൂരിൽ കനത്ത തിരിച്ചടി നേരിടുന്നത്. ജെഡിയു എംഎൽഎമാരായ ജോയ്കിഷൻ, എൻ സനാത്തെ, മുഹമ്മദ് അചാബുദ്ദീൻ, മുൻ ഡിജിപി എൽ.എം. ഖൗട്ടെ, താങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.ഇത് രണ്ടാം തവണയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജെഡിയുവിൽ നിന്ന് എംഎൽഎമാർ ബിജെപിയിലേയ്ക്ക് പോകുന്നത്. ഇതിനു മുമ്പ് 2020ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള ഏഴ് ജെഡിയു എംഎൽഎമാരിൽ ആറ് പേർ ബിജെപിയിൽ ചേർന്നിരുന്നു. അരുണാചലിൽ ശേഷിച്ചിരുന്ന ഏക ജെഡിയു എംഎൽഎയും പിന്നീട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 38 സീറ്റുകളിൽ മത്സരിച്ചാണ് ജെഡിയു ആറ് സീറ്റുകളിൽ വിജയിച്ചത്.