ഭരണഘടനാ ആമുഖത്തില്‍നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണം- സുബ്രഹ്മണ്യന് സ്വാമി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന് സ്വാമി സുപ്രീം കോടതിയെ സമീപിച്ചു. സ്വാമിയുടെ ഹര്‍ജി സെപ്റ്റംബര്‍ 29-ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്വാമിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചത്.
അഭിഭാഷകന് സത്യ സബര്‍വാളും സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിക്ക് ഒപ്പം സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജിയും പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതര്വതം എന്നിവ ഉള്‍പ്പെടുത്തിയത്. ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് 42-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഇത്തരം ഒരു ഭേദഗതി കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭരണഘടനാ ശില്പി ബി.ആര്. അംബേദ്കര്‍ സോഷ്യലിസം, മതേതര്വതം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിയിരുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് വിധിച്ചിട്ടുണ്ട്. അതിനാല്‍തന്നെ 42-ാം ഭരണഘടനാ ഭേദഗതി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.