‘മഗ്വയറെ പുറത്താക്കണം’; രഹസ്യയോഗത്തില്‍ റാഗ്നിക്കിനോട് ക്രിസ്റ്റിയാനോയുടെ ആവശ്യം
മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധനിര താരം ഹാരി മഗ്വയറെ പുറത്താക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന്റെ മുന്‍ പരിശീലകന് റാള്‍ഫ് റാഗ്നിക്കിനോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. മോശം പ്രകടനത്തിന്റെ പേരില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് റൊണാള്‍ഡോ, മഗ്വയറെ പുറത്താക്കാന്‍ റാഗ്നിക്കിനോട് ആവശ്യപ്പെട്ടതെന്ന് ബ്രിട്ടീഷ് മാധ്യമം അത്ലറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തു.
പോള്‍ പോഗ്ബ, റാഫേല്‍ വരാന്‍ എന്നിവരടങ്ങിയ ഒരു കൂട്ടം കളിക്കാരുടെ സാന്നിധ്യത്തിലാണ് റൊണാള്‍ഡോ, കോച്ച് റാഗ്നിക്കിനോട് മഗ്വയറാണ് ടീമിന്റെ പ്രശ്നമെന്നും താരത്തെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനോട് ഒരു താരത്തിന്റെ അസാന്നിധ്യത്തില്‍ അയാളെ കുറിച്ച് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അനുചിതമാണെന്നായിരുന്നു റാഗ്നിക്കിന്റെ പ്രതികരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിന്‍സണ്‍ കവാനിക്കൊപ്പം രണ്ട് സ്ട്രൈക്കര്‍ ഫോര്‍മേഷനില്‍ തനിക്ക് കളിക്കണമെന്നും റൊണാള്‍ഡോ ആവശ്യപ്പെട്ടു.
ക്ലബ്ബിനകത്ത് താരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. അതേസമയം പുതിയ കോച്ച് എറിക് ടെന്‍ ഹാഗിനു കീഴില്‍ റൊണാള്‍ഡോയും മഗ്വയറിനും സൈഡ് ബെഞ്ചിലാണ് സ്ഥാനം.