ആഹാരവുമായി മുസ്ലീം ഡെലിവറി ബോയിയെ അയക്കരുതെന്ന് സ്വിഗ്ഗിയോട് അഭ്യർത്ഥിച്ചയാളെ എന്താണ് ചെയ്യേണ്ടതെന്ന് മഹുവ മൊയ്ത്ര
ഹൈദരാബാദ് : ഭക്ഷണത്തിന് ഓൺലൈനായി ഓർഡർ ചെയ്തയാൾ ഡെലിവറിയ്ക്കായി മുസ്ലീം മതത്തിൽ പെട്ടയാളെ അയക്കരുതെന്ന് സ്വിഗ്ഗിയോട് ആവശ്യപ്പെടുന്ന സ്ക്രീൻ ഷോട്ട് അടുത്തിടെ പ്രചരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് സ്വിഗ്ഗിയോട് ഇങ്ങനെ വിചിത്രമായ ആവശ്യം മുന്നോട്ടു വച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനമുയർന്ന സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃണമൂൽ നേതാവും ലോക്സഭാ എം പിയുമായ മഹുവ മൊയ്ത്ര. ഇത്തരം ഉപഭോക്താക്കളുടെ പേരുകൾ പരസ്യമാക്കണമെന്നും, അവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നുമാണ് സ്വിഗ്ഗിയോട് എം പി ആവശ്യപ്പെട്ടത്. പൊലീസ് ഉപഭോക്താവിനെതിരെ പരാതി നൽകാനും അവർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻപ് മറച്ചുവച്ചിരുന്ന ചിന്തകൾ ഇപ്പോൾ ഭൂരിപക്ഷവാദത്തിന്റെ പരസ്യമായ വിളംബരങ്ങളായി മാറുകയാണെന്നും ലോക്സഭാ എംപി ട്വീറ്റ് ചെയ്തു. ‘വിദ്വേഷവും മതാന്ധതയും സാധാരണമാക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു മുമ്പ് മറച്ചുവെച്ചിരുന്ന വ്യക്തിപരമായ മുൻവിധികൾ ഇപ്പോൾ ഭൂരിപക്ഷവാദത്തിന്റെ അഭിമാനകരമായ പരസ്യ പ്രഖ്യാപനങ്ങളായി മാറുന്നു,’ മഹുവ മൊയ്ത്ര കുറിച്ചു.
അതേസമയം മുസ്ലീം ഡെലിവറി ബോയ് വേണ്ടെന്ന് അഭ്യർത്ഥിച്ച വ്യക്തിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സ്ക്രീൻഷോട്ട് തെലങ്കാന സ്റ്റേറ്റ് ടാക്സി ആൻഡ് ഡ്രൈവേഴ്സ് ജോയിന്റ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഷെയ്ക് സലാവുദ്ദീൻ ഷെയർ ചെയ്തതിനെത്തുടർന്നാണ് സ്വിഗ്ഗിയോടുള്ള ഉപഭോക്താവിന്റെ അഭ്യർത്ഥന വൈറലായത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിഖ് എന്നിങ്ങനെ എല്ലാവർക്കും ഭക്ഷണം എത്തിക്കാനായുള്ള ഡെലിവറി തൊഴിലാളികളാണ് ഞങ്ങളെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും സംഭവത്തെ അപലപിക്കുകയും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സ്വിഗ്ഗിയോട് ആവശ്യപ്പെടുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കമ്പനികൾ എന്ത് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.