ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം,
കാസര്‍കോട് ജില്ലയിലെ 9000 പേരെ സാക്ഷരരാക്കും
കാസര്‍കോട് :ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിലൂടെ ജില്ലയില്‍ 9000 നിരക്ഷരരെ സാക്ഷരരാക്കും. ജില്ലാ സാക്ഷരതാ സമിതി യോഗത്തിന്റെതാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പ്രത്യേക സാക്ഷരത തുടര്‍ വിദ്യാഭ്യാസ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് സാക്ഷരതാ പരിപാടി.
ജില്ലയിലെ 15 വയസ്സിന് മുകളിലുള്ള ഒന്‍പതിനായിരം നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 7200 സ്ത്രീകളേയും 1800 പുരുഷന്മാരേയുമാണ് ഇങ്ങനെ കണ്ടെത്തുക.
സ്ത്രീകള്‍, പെണ്‍കുട്ടികള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, മറ്റു പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍, അതിഥി തൊഴിലാളികള്‍, പ്രത്യേക പരിഗണന വിഭാഗങ്ങള്‍, നിര്‍മ്മാണ തൊഴിലാളികള്‍, തീരദേശവാസികള്‍ തുടങ്ങിയവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.
ദേശീയ സാക്ഷരതാ മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്നയോഗത്തില്‍ സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെപ്റ്റംബര്‍ 12ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി രൂപീകരിക്കും. തുടര്‍ന്ന് പഞ്ചായത്ത് വാര്‍ഡ്തല സംഘാടക സമിതികള്‍ രൂപീകരിക്കും. ഉച്ചക്ക് രണ്ടിന് ജില്ലാതല പ്രേരക് സംഗമവും നടത്തും. ഒക്ടോബര്‍ രണ്ടിന് ജനകീയ സര്‍വേ സംഘടിപ്പിക്കും. ഒക്ടോബര്‍ അവസാനവാരം ക്ലാസുകള്‍ ആരംഭിക്കും. 2023 ജനുവരി 22 ന് മികവുത്സവമെന്ന പേരില്‍ സാക്ഷരതാ പരീക്ഷ നടത്തും. ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍, എന്നിവയ്ക്ക് പുറമേ സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ ,സാങ്കേതിക-രാഷ്ട്രീയ -സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബി ആര് സി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എല്‍പിഎസ് പ്രധാന അധ്യാപകര്‍, സ്കൂള്‍ പ്രതിനിധികള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാര്‍ തുടങ്ങിയവരെല്ലാം ഇതിന്റെ ഭാഗമാകും
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ഡി.ഡി.ഇ കെ.വി.പുഷ്പ, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയരക്ടര്‍ ജെയ്സണ്‍ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.മീനാറാണി, ഡോ.രാധാകൃഷ്ണ ബെള്ളൂര്‍, പപ്പന് കുട്ടമത്ത്, പി.രവീന്ദ്രന്, കെ.വി.വിജയന്, ഇ.വി.നാരായണന്, കെ.വി.ലിജിന്‍, ആര്.എ.സ്മിത ബേബി, ടി.എം.എ.കരീം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.