പന്തളം: അസംബ്ലീസ് ഓഫ് ഗോഡിന്റെ സംസ്ഥാന വാർഷിക കൺവൻഷന് പറന്തലിൽ എംസി റോഡിന് സമീപം പന്തൽ നിർമിച്ചുകൊണ്ടിരിക്കെ സംഘപരിവാർ, – ബിജെപി പ്രവർത്തകരുടെ അക്രമം. ബുധനാഴ്ച വൈകിട്ട് സംഘടിച്ചെത്തിയ സംഘപരിവാർ സംഘം ഹിന്ദു ഐക്യവേദി പ്രവർത്തകരാണെന്ന് പരിചയപ്പെടുത്തിയ ശേഷം നിർമാണത്തിലിരുന്ന കൺവൻഷൻ പന്തലിൽ കൊടിനാട്ടുകയും തൊഴിലാളികളെ തടഞ്ഞ് കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.
സംഘം ഭീഷണി ഉയർത്തി മടങ്ങിയതിനെതുടർന്ന് അസംബ്ലീസ് ഓഫ് ഗോഡ് ഭാരവാഹികൾ പണി നിർത്തിവച്ച് പൊലിസിൽ പരാതി നൽകി. എന്നാൽ, വ്യാഴാഴ്ച വിഷയം ചർച്ച ചെയ്യാമെന്ന് പറഞ്ഞ് പൊലീസ് ഭാരവാഹികളെ മടക്കിയയച്ചു. ഭാരവാഹികൾ പ്രദേശത്തെ സിപിഐ എം നേതൃത്വത്തെ വിവരം അറിയിച്ചു. തുടർന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ, തട്ട പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി എസ് രാജേന്ദ്രപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തി സംരക്ഷണം നൽകി നിർമാണം പുനരാരംഭിച്ചു.
25000 മുതൽ 50000 പേർക്കു വരെ ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് അസംബ്ലീസ് ഓഫ് ഗോഡിന്റെ സ്വന്തം സ്ഥലത്ത് ജനുവരി 12 മുതൽ നിർമാണം ആരംഭിച്ചത്. സൗത്ത് ഇൻഡ്യാ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കൺവൻഷൻ നഗർ എന്ന കവാടവും എംസി റോഡിന് അരികിൽ സ്ഥാപിച്ചിട്ടുണ്ട്. ഫെബ്രുവരി 4 മുതൽ 9 വരെയാണ് സമ്മേളനം. വിശ്വാസി സംഗമം, പാസ്റ്റേഴ്സ് സംഗമം, സണ്ടേസ്കൂൾ വിദ്യാർഥി സംഗമം, യൂത്ത് സംഗമം, പൊതുസമ്മേളനം എന്നിവയാണ് പരിപാടികൾ. ഒമ്പതിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
വിവരമറിഞ്ഞ് നിരവധി വിശ്വാസികളും നാട്ടുകാരും സ്ഥലത്തെത്തി. നിർമാണത്തിലിരിക്കുന്ന പന്തലിന് സമീപം ചേർന്ന പ്രതിഷേധയോഗം സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ, തട്ട പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി എസ് രാജേന്ദ്രപ്രസാദ്, പന്തളം ലോക്കൽ സെക്രട്ടറി എച്ച് നവാസ് , ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് സെക്രട്ടറി എൻ സി അഭീഷ്, വിവിധ സംഘടനാ നേതാക്കളായ സി ബി സജികുമാർ, റഹ്മത്തുള്ള ഖാൻ , നിസാം, ഉദയൻ എന്നിവർ സംസാരിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ജെ വി പൗലോസ് നന്ദി പറഞ്ഞു.