കോണ്‍ക്രീറ്റ് ഇളക്കിമാറ്റാന്‍ ഇരുമ്പ് കമ്പിവെച്ചത് റെയില്‍പാളത്തില്‍; ലോക്കോ പൈലറ്റ് കണ്ടത് രക്ഷയായി
ബേക്കല്‍: റെയില്‍പാളത്തില്‍ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള ഇരുമ്പുകമ്പിവെച്ച കേസില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. പള്ളിക്കര അരളിക്കട്ടയില് താമസിക്കുന്ന തമിഴ്നാട് കള്ളകുറിച്ചിയിലെ വി. കനകവല്ലിയെ (22) ആണ് ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
20-ന് വൈകിട്ടാണ് തൃക്കണ്ണാട് അമ്പലത്തിനു പിറകിലുള്ള റെയില്‍പാളത്തില്‍ റെയില്‍വേ ഉപയോഗിക്കുന്ന കര്‍വ് റഫറന്‍സ് പില്ലര്‍ (ഇരുമ്പുകമ്പി) വെച്ച നിലയില്‍ കണ്ടെത്തിയത്. കമ്പി പാളത്തില്‍ വെച്ചിരുന്നത് മറുവശത്തുകൂടി കടന്നുപോയ ഗുഡ്സ് തീവണ്ടിയുടെ ലോക്കോ പൈലറ്റാണ് കണ്ടത്. തുടര്‍ന്ന് വിവരം കൈമാറിയതുകൊണ്ടാണ് ഈ സമയം കമ്പിവെച്ച പാളത്തിലൂടെ കടന്നുപോകേണ്ടിയിരുന്ന ചെന്നൈ എക്സ്പ്രസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഇതേ ദിവസംതന്നെ കുമ്പളയിലും ചിത്താരിയിലുമുള്പ്പെടെ പാളത്തില്‍ കല്ലുകള്‍ കയറ്റിവെച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേസില്‍ അറസ്റ്റിലായ കനകവല്ലിയും കുടുംബവും ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നവരാണ്. തീവണ്ടിച്ചക്രത്തില് തട്ടി കമ്പിയുടെ അറ്റത്തുള്ള കോണ്‍ക്രീറ്റ് കട്ട ഇളകിമാറുമെന്ന ധാരണയിലാണ് ഇവര്‍ പാളത്തില്വെച്ചത്. ഇരുമ്പുകമ്പി വില്‍ക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതി അന്വേഷണസംഘത്തിന് നല്കിയ മൊഴി.
റെയില്‍വേ സംരക്ഷണസേനയും (ആര്.പി.എഫ്.) പോലീസും സംയുക്തമായുള്ള പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആര്.പി.എഫ്. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ജിതിന് രാജ് ജില്ലയിലെത്തിയിരുന്നു. അദ്ദേഹം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചത്.