കണ്ണൂർക്കാരി ഇനി ഉയർന്ന് പറക്കും, ഗോപികയുടെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചത് സർക്കാരിന്റെ കരുതൽ,
കണ്ണൂർ:കണ്ണൂർക്കാരിയായ ഗോപികയ്ക്ക് ഇത് ഒരു സ്വപ്നത്തിന്റെ ടേക്കോഫാണ്. ആകാശം മാത്രമാണ് സ്വപ്നത്തിന്റെ അതിരെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി എയർഹോസ്റ്റസായി ആകാശത്ത് പറക്കും.പട്ടികവർഗത്തിലെ കരിമ്പാലൻ വിഭാഗത്തിൽപ്പെട്ട ഗോപിക ഗോവിന്ദൻ എയർ ഹോസ്റ്റസ് പരിശീലനത്തിന് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മുംബയിലേക്ക് വിമാനം കയറി. എട്ടാം ക്ലാസിൽ ഒപ്പം കൂടിയ സ്വപ്നത്തിലേക്കുള്ള യാത്ര. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിലെ ആദ്യത്തെ എയർ ഹോസ്റ്റസ് ആവും ഗോപിക. എയർ ഇന്ത്യ എക്സ്പ്രസിലാണ് കാബിൻ ക്രൂ പരിശീലനം.സ്കൂൾ കാലത്ത് എന്നോ ചുവന്ന സ്കേർട്ടും വെള്ള ഷർട്ടും ടൈയും ധരിച്ച എയർ ഹോസ്റ്റസിന്റെ ചിത്രം കണ്ടതോടെയാണ് ആഗ്രഹം തുടങ്ങിയതെന്ന് ഗോപിക പറഞ്ഞു. കണ്ണൂർ എസ്.എൻ കോളേജിൽ ബി.എസ്.സി കെമിസ്ട്രി പൂർത്തിയാക്കി അന്വേഷണം തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളിൽ കോഴ്സിന് വലിയ ഫീസാണ്. കണ്ണൂർ ആലക്കോട് ഭരത്തൻകുന്ന് പട്ടിക വർഗ കോളനിയിലെ കൂലിപ്പണിക്കാരായ അച്ഛൻ സി.സി.ഗോവിന്ദനും അമ്മ ബിജിക്കും അത് താങ്ങാനാവില്ലായിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് സർക്കാരിന്റെ സ്കോളർഷിപ്പോടെ പട്ടികവർഗക്കാർക്ക് അയാട്ടയുടെ ( ഇന്റർനാഷണൽ എയർട്രാൻസ്പോർട്ട് അസോസിയേഷൻ ) കസ്റ്റമർ സർവീസ് കോഴ്സ് പഠിക്കാമെന്ന പരസ്യം കാണുന്നത്. ഈ സ്കോളർഷിപ്പോടെ വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിംഗ് അക്കാഡമിയിൽ ഒരു വർഷത്തെ കോഴ്സിന് ചേർന്നു. ഒരു ലക്ഷം രൂപയോളം ഫീസും സ്റ്റൈപ്പെന്റും താമസവുമെല്ലാം സർക്കാർ വക. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിശീലനവും ലഭിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഗോപിക എയർഹോസ്റ്റസ് ഇന്റർവ്യൂ പാസാകുന്നത്. ഒക്ടോബറോടെ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കും. ഗോകുൽ ഗോവിന്ദ് സഹോദരനാണ്പഠിക്കാൻ സർക്കാർ സഹായംസർക്കാർ സഹായത്തോടെ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്ന 60 വിദ്യാർത്ഥികൾ ചൊവ്വാഴ്ച നിയമസഭയിലെത്തി മുഖ്യമന്ത്റി പിണറായി വിജയൻ, സ്പീക്കർ എം .ബി രാജേഷ്, മന്ത്റി കെ രാധാകൃഷ്ണൻ എന്നിവരെ കണ്ടിരുന്നു. പട്ടികവർഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പോടെ 160 പേരാണ് കോഴ്സിലുള്ളത്. ആറ് മാസത്തെ കോഴ്സ് പഠിച്ചിറങ്ങിയ 93 പേർക്കും ഒരു വർഷ കോഴ്സ് കഴിഞ്ഞ 11 പേർക്കും എയർലൈനുകളിൽ ജോലി ലഭിച്ചു.