ലോകായുക്ത നിയമഭേദഗതി ഗവർണർ ഒപ്പിടില്ല; നിയമോപദേശം തേടുമെന്ന് രാജ്ഭവൻ
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം ദുർബലപ്പെടുത്തുന്ന ഭേദഗതി ഉൾപ്പെടുന്ന നിയമം ഗവർണർ ഉടൻ അംഗീകരിക്കില്ലെന്ന് സൂചന. ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് രാജ്ഭവന്റെ ആലോചന. ചൊവ്വാഴ്ച നിയമസഭയിൽ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബിൽ അംഗീകാരത്തിനായി ഉടൻ തന്നെ ഗവർണർക്ക് മുമ്പിലെത്തും. ഗവർണറുടെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ നിയമഭേദഗതി നിലവിൽ വരൂ.
അഴിമതിക്കാരെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തകർ രാജിവയ്ക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്തിട്ടുള്ളത്. ലോകായുക്തയുടെ കണ്ടെത്തൽ മുഖ്യമന്ത്രിക്കെതിരാണെങ്കിൽ നിയമസഭയ്ക്കും, മന്ത്രിമാർക്കെതിരാണെങ്കിൽ മുഖ്യമന്ത്രിക്കും, എംഎൽഎമാർക്കെതിരാണെങ്കിൽ സ്പീക്കർക്കും തീരുമാനമെടുക്കാൻ അധികാരം കൊടുക്കുന്നതാണ് പ്രധാന ഭേദഗതി. അർദ്ധ ജുഡീഷ്യൽ സംവിധാനമെന്ന പദവിയുള്ള ലോകായുക്തയുടെ അധികാരിയായി തീർപ്പ് നിയമസഭയോ മുഖ്യമന്ത്രിയോ (കോമ്പീറ്റന്റ് അതോറിറ്റി) വരുന്നത് നിയമ സംവിധാനമെന്നത്തിന് എതിരാകുമോയെന്നാണ് ഗവർണർ ചോദിക്കുന്നത്.
ബിൽ തൽക്കാലം രാഷ്ട്രപതിക്ക് അയക്കില്ലെന്നും സൂചനയുണ്ട്. ലോകായുക്തയുടെ തീർപ്പിൽ തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിയ്ക്ക് നൽകുന്ന ഓർഡിനൻസിന് ഗവർണർ നേരത്തേ അംഗീകാരം നൽകിയിരുന്നു. താൻ ഒരിക്കൽ അംഗീകരിച്ച ഓർഡിനൻസ് നിയമമാക്കുമ്പോൾ രാഷ്ട്രപതിക്കയക്കുന്നതിൽ അനൗചിത്യമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, ഓർഡിനൻസിലെ വ്യവസ്ഥകളിൽ നിന്ന് വീണ്ടും മാറ്റങ്ങൾവരുത്തുകയും ലോകായുക്തയുടെ തീർപ്പിൽ തീരുമാനമെടുക്കാൻ നിയമസഭയെയും സ്പീക്കറെയും അധികാരപ്പെടുത്തുന്ന വ്യവസ്ഥകൾ അധികമായി ഉൾപ്പെടുത്തുകയും ചെയ്തപ്പോൾ ഭരണഘടനയുടെ അടിസ്ഥാനത്തിൽ വിലയിരുത്തൽ വേണമെന്ന അഭിപ്രായമാണ് രാജ്ഭവനുള്ളത്.തീരുമാനമെടുക്കുന്നതിന് ഗവർണർക്ക് ഭരണഘടന കാലപരിധി നിഷ്കർഷിക്കുന്നില്ല.