ജൈവവൈവിധ്യ ജനസഭയുമായി വലിയപറമ്പ ഗ്രാമ പഞ്ചായത്ത്
വലിയപറമ്പ :വലിയപറമ്പ ഗ്രാമ പഞ്ചായത്തിൽ ജൈവവൈവിധ്യ ജനസഭ നടത്തി. ഇടയിലക്കാട് കാവ് സംരക്ഷിക്കുന്നതിനും ആചാരനുഷ്ഠാനങ്ങൾ ഉൾപ്പെടെയുള്ള പൈതൃകവും സംരക്ഷിക്കുന്നതിനുമായി ജനപങ്കാളിത്തത്തതോടെ ജൈവവൈവിധ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായാണ് ജനസഭ നടത്തിയത് . ഉത്തര കേരളത്തിലെ തീരദേശ കാവുകളിൽ ഏറ്റവും വിസ്തൃതമാണ് ഇടയിലക്കാട് കാവ്. കാവിൽ വസിക്കുന്ന നാടൻ കുരങ്ങുകൾ പ്രകൃതി നിരീക്ഷകരെ ആകർഷിക്കുന്ന ഘടകമാണ്. വംശനാശം നേരിടുന്ന വെള്ള വയറൻ കടൽ പരുന്തിന്റെ സാന്നിധ്യം ഇടയിലക്കാട് കാവിന്റെ ജൈവ സമ്പന്നതയുടെ സൂചകമാണ്. 179ഓളം സസ്യങ്ങൾ ഈ കാവിനകത്തുണ്ട്. ഇടയിലക്കാട് കാവ് പരിസരത്ത് നടന്ന ജനസഭയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ അധ്യക്ഷനായി. വലിയപറമ്പ ബി എം സി സെക്രട്ടറി എം .പി. വിനോദ് കുമാർ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർമാരായ കെ.വി. ഗോവിന്ദൻ, ഡോ.കെ.ടി. ചന്ദ്രമോഹനൻ , സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. എ.വി. സന്തോഷ്കുമാർ, വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. അജിത തുടങ്ങിയവർ പങ്കെടുത്തു.