താലിമാല മോഷ്ടിക്കാൻ ശ്രമിച്ചവർ സ്കൂട്ടറോടെ ചവിട്ടി വീഴ്ത്തി; ചാടി എഴുന്നേറ്റ യുവതി മോഷ്ടാക്കളെ അടിച്ചുതുരത്തി
നെടുമങ്ങാട്: സ്കൂട്ടറിൽ പോകവേ, നടുറോഡിൽ ചവിട്ടി വീഴ്ത്തി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച മോഷ്ടാക്കളെ യുവതി ഹെൽമറ്റുകൊണ്ട് അടിച്ച് തുരത്തി. നെടുമങ്ങാട്ടെ വർക്ക് ഷോപ്പിൽ വാഹനം അറ്റകുറ്റപ്പണിക്ക് കൊടുത്ത ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറിൽ പോയ പരുത്തിക്കുഴി സ്വദേശി സ്വാതിയെ (28) ബൈക്കിൽ വന്ന രണ്ടുപേരാണ് ആക്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഉഴമലയ്ക്കൽ നല്ലിക്കുഴി – പരുത്തിക്കുഴി റോഡിലാണ് സംഭവം.
മോഷ്ടാക്കൾ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്കൂട്ടറിനോട് ബൈക്ക് അടുപ്പിച്ച് ആര്യനാടേക്കുള്ള വഴി ചോദിച്ചു. കയറ്റം കയറുകയായിരുന്നതിനാൽ സ്കൂട്ടറിന് വേഗം കുറവായിരുന്നു. വഴി പറഞ്ഞുകൊടുക്കവേ, ബൈക്കിന് പിന്നിലിരുന്നയാൾ സ്കൂട്ടർ ചവിട്ടി വീഴ്ത്തി. യുവതി സ്കൂട്ടറുമായി വള്ളിപ്പടർപ്പിലേക്ക് വീണു. ബൈക്ക് തിരിച്ച് അടുത്തേക്ക് വരുംമുമ്പ് യുവതി എഴുന്നേറ്റ് നിലത്തുവീണ ഹെൽമറ്റ് എടുത്തു. മാല പൊട്ടിക്കാൻ നീട്ടിയ കൈയിൽ ശക്തമായി പ്രഹരിച്ചു. അടിയേറ്റതോടെ ബെക്കിൽ പാഞ്ഞുപോയെങ്കിലും യുവതി സ്കൂട്ടറിൽ പിന്തുടർന്നു. പക്ഷേ, കണ്ടെത്താനായില്ല. മൂന്നു പവന്റെ താലിമാലയാണ് യുവതി ധരിച്ചിരുന്നത്.
കവർച്ചാ സംഘം സംഭവത്തിന് മുൻപ് പലവട്ടം ഈ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽ പൊലീസ് തിരിച്ചറിഞ്ഞു. നമ്പർ പ്ളേറ്റിൽ കടലാസ് ഒട്ടിച്ചു മറച്ച പൾസർ ബൈക്കിലാണ് എത്തിയത്. രണ്ടുപേരും ഹെൽമറ്റ് ധരിച്ചതിന് പുറമെ, മുഖം മറച്ച് തൂവാല കെട്ടിയിരുന്നു. വലിയമല പൊലീസ് കേസെടുത്തു .