ലഹരി; നിയമത്തിന്റെ പഴുതുകൾ അടക്കാൻ സർക്കാർ മുൻകൈയെടുക്കണം.
എസ് എസ് എഫ്
കോഴിക്കോട് : വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങളിലും വ്യാപകമാകുന്ന ലഹരി ഉപയോഗം തടയുന്നതിന് ലഹരി വരുന്ന വഴികളെയും കണ്ണികളെയും മുറിച്ച് കളയാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി
സി എൻ ജാഫർ പറഞ്ഞു. കാലിക്കറ്റ് ടവറിൽ നടന്ന എസ് എസ് എഫ് സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടുന്നതാണ് ഇത്തരം സാമൂഹിക വിപത്തുകൾ വർധിക്കാൻ കാരണമെന്നും അതിനാൽ ആവശ്യമായ ഇടപെടലുകൾ നടത്തി സർക്കാർ നിയമത്തിലെ ദുർബലതകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്ത കൗൺസിൽ ലഹരി നിർമ്മാർജ്ജനത്തിനും, ബോധവത്കരണത്തിനുമായി വിപുലമായ പദ്ധതികൾ രൂപപ്പെടുത്തി. കുടുംബം, കുട്ടികൾ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, സ്കൂളുകൾ, കാമ്പസ് എന്നിവ കേന്ദ്രീകരിച്ച് വ്യത്യസ്തമായ പരിപാടികൾ സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടക്കും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്
കെ വൈ നിസാമുദ്ദീൻ ഫാളിലി കൗൺസിലിൽ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ എ പി മുഹമ്മദ് അശ്ഹർ, സി കെ റാശിദ് ബുഖാരി എന്നിവർ കൗൺസിൽ നിയന്ത്രിച്ചു. സെക്രട്ടറിമാരായ ജാബിർ സഖാഫി, സി.ആർ കെ മുഹമ്മദ്, എം ജുബൈർ എന്നിവർ സംസാരിച്ചു.