കൊച്ചി: തെരുവ് മദ്ധ്യത്തില്‍ കഞ്ചാവടിച്ച് യുവാക്കളുടെ അഴിഞ്ഞാട്ടം. കഞ്ചാവടിച്ചുകൊണ്ട് അക്രമം നടത്തുകയും, വഴിയാത്രക്കാരെ മര്‍ദ്ധിക്കുകയും, നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തുകയും ചെയ്ത യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.മറൈന്‍ ഡ്രൈവിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള നടപ്പാതയിലായിരുന്നു യുവാക്കളുടെ ഈ അതിക്രമം. കഞ്ചാവ് ഉപയോഗിച്ച് ലഹരി തലയ്ക്ക് പിടിച്ച ഇവര്‍ വഴിയാത്രക്കാരെ ഉള്‍പ്പെടെ ആക്രമിച്ചതോടെ സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു.
പൊലീസ് ഫ്ളൈയിംഗ് സ്ക്വാഡിലെ എ.എസ്.ഐ സുധീര്‍ അടക്കമുള്ള പൊലീസുകാര്‍ ഇവിടേക്കെത്തി ഇവരെ നേരിടാന്‍ ഒരുങ്ങുകയായിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാര്‍ക്ക് നേരെയും ഇവരുടെ ഭീഷണി നീണ്ടു. പൊലീസിനെ ഒരാള്‍ കത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ ചില്ലിന്റെ കുപ്പി സ്വന്തം തല അടിച്ച് പൊട്ടിക്കുകയും ചോര വരുത്തുകയും ചെയ്തു.സമീപത്തെ കടകളിലെ ചില്ലുകുപ്പികളാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ഏലംകുളം സ്വദേശി വിശാല്‍ ബോബന്, മട്ടാഞ്ചേരിക്കാരനായ അല്‍ത്താഫ്, മുളവുകാട് സ്വദേശി ബ്രയാന്‍ ആഡം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും 19 വയസ് പിന്നിട്ടവരാണ്. സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചപ്പോഴും കഞ്ചാവ് ലഹരി ഇവരെ വിട്ടുമാറിയിരുന്നില്ല.