കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട അലനും താഹയും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. ഇവര്‍ക്കെതിരേ യു.എ.പി.എ കേസ് ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് കഴിഞ്ഞാല്‍ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ പി.ജയരാജന് നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും പി.മോഹനന് പറഞ്ഞു. യു.എ.പി.എ കേസ് ചുമത്തുമ്പോള്‍ അതില്‍ എന്‍.ഐ.എയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാര്‍. ആ പാര്‍ട്ടിയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവിടെ പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം പറഞ്ഞു.
അലനെയും താഹയേയും പിന്തുണച്ച് കൊണ്ട് സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച നിലപാട് അസ്ഥാനത്താവുകയാണ് .
വിഷയത്തില്‍ പൂർണ്ണ നിലപാട് പറയാനാവില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയാലേ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പി.മോഹനന് പറഞ്ഞു. പാര്‍ട്ടിക്ക് നടപടി സ്വീകരിക്കണമെങ്കില്‍ പാര്‍ട്ടിയുടേതായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അത് കഴിയുമ്പോള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.