തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് സി.പി.എം നേതാവ് പി.ജയരാജന്. യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങല്‍ ഉയര്‍ന്നു വന്നപ്പോള്‍ സ്ത്രീ വിരുദ്ധമായ നിലപാടാണ് കേരളത്തിലെ വലതുപക്ഷം സ്വീകരിച്ചത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് മനുഷ്യച്ചങ്ങലയടക്കം സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ സി.പി.എം തീരുമാനിച്ചിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ അവിടെ കയറിയേനെ. എന്നാല്‍ അങ്ങനെ ഒരു നിലപാട് സി.പി.എം സ്വീകരിച്ചില്ല. കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ചതെന്നും ജയരാജന് അഭിപ്രായപ്പെട്ടു. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പി.ജയരാജന്റെ വാക്കുകള്‍
ശബരിമല വിഷയത്തിലാണെങ്കില്‍ നേരത്തെ പാര്‍ട്ടിയും എല്‍.ഡി.എഫും കൈക്കൊണ്ടിട്ടുള്ള നിലപാട് സുപ്രീം കോടതിയുടെ വിധി നടപ്പാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നപ്പോള്‍ സ്ത്രീ വിരുദ്ധമായ നിലപാടാണ് കേരളത്തിലെ വലതുപക്ഷം സ്വീകരിച്ചത്. അതിനെ പ്രതിരോധിക്കുന്നതിനായിരുന്നു മനുഷ്യ ചങ്ങലയടക്കം സംഘടിപ്പിച്ചത്. സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വലതുപക്ഷം ഉന്നയിച്ചിരുന്നത്.
സി.പി.എമ്മിന് എല്ലാ കാലത്തും ഒരേ നിലപാടാണ്. ആചാര സംബന്ധിയായിട്ടുള്ള കാര്യങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ അധികാരമുള്ള കേന്ദ്രങ്ങളെ കൂടി ആശ്രയിക്കണമെന്ന് വിധിക്ക് മുമ്ബായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശ്വാസികളില്‍ ഒരു വിഭാഗം എല്‍.ഡി.എഫ് കൈകൊണ്ട നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള മുഖ്യമായ കാരണം ശബരിമല വിഷയം അല്ല. ദേശീയ തലത്തില്‍ മോദിക്ക് പകരം രാഹുല്‍ ഗാന്ധിവരും എന്ന തെറ്റിധാരണയാണ് ഇടതുമുന്നണിയെ ഏറ്റവും കൂടുതല്‍ ബാധിച്ചത്.
സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ സി.പി.എം തീരുമാനിച്ചിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ അവിടെ കയറിയേനെ. എന്നാല്‍ അങ്ങനെ ഒരു നിലപാട് സി.പി.എം സ്വീകരിച്ചില്ല. കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ചത്- ജയരാജന് പറഞ്ഞു.