കാസർകോട് :നഗരത്തിലെ വൻകിട കെട്ടിടങ്ങളിലെയും ഹോട്ടലിലെയും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ പൊതുവഴിയിലേക്കും റോഡരികിലെ ഓവുചാലിലേക്കും തള്ളുന്നത് നഗരസഭാ ആരോഗ്യവിഭാഗം പിടികൂടി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഫാത്തിമ ആർക്കേഡ് കെട്ടിടസമുച്ചയത്തിൽനിന്നുംത്രീ സ്റ്റാർ ഹോട്ടലായ ഹൈവേ കാസിലിൽനിന്നും രാത്രിയിൽ മാലിന്യമൊഴുക്കുന്നതാണ് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ ദാമോദരന്റെ നേതൃത്വത്തിൽ പിടിച്ചത്. ഉടമകൾക്ക് വ്യാഴാഴ്ച നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി എസ് ബിജു പറഞ്ഞു. പുതിയ ബസ്സ്റ്റാൻഡ് സർക്കിളിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് മോട്ടോർ ഉപയോഗിച്ച് മാലിന്യം തള്ളുന്നത് വ്യാപക ആക്ഷേപമുയർത്തിയിരുന്നു. ഫാത്തിമ ആർക്കേഡിൽ ഒരു ഡസനിലേറെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ ജോലിചെയ്യുന്നതാകട്ടെ നൂറിലേറെ ജീവനക്കാരുമാണ്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ടോയ്ലറ്റുകൾ പണിതിട്ടുണ്ടെങ്കിലും സംഭരണ ശേഷി കുറഞ്ഞ സെപ്റ്റിക് ടാങ്കാണുള്ളത്. നിറഞ്ഞുകവിയുന്ന ടാങ്കിലെ കക്കൂസ് മാലിന്യങ്ങൾ നീക്കാൻ സൗകര്യമില്ലാത്തതിനാൽ മോട്ടോർ ഉപയോഗിച്ച് രാത്രിയിൽ തൊട്ടടുത്ത പറമ്പിലേക്ക് ഒഴുക്കിവിടുകയാണ്. ഇവയാകട്ടെ ഒഴുകിയെത്തുന്നത് എംജി റോഡരികിലെ ഓവുചാലിലേക്കും റോഡരികിലേക്കുമാണ്. രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കെട്ടിടത്തിന്റെ പിറകിലായി ഭൂമിക്കടിയിലായി സ്ഥാപിച്ച ടാങ്കിൽ ശേഖരിച്ച കക്കൂസ് മാലിന്യങ്ങളാണ് പൈപ്പ് വഴി തള്ളുന്നത് കണ്ടത്.
അണങ്കൂർ ആയുർവേദ ആശുപത്രിക്ക് സമീപത്തുള്ള സ്റ്റാർ ഹോട്ടലിലെ മാലിന്യങ്ങളും ഇത്തരത്തിൽ തള്ളുന്നതാണ് കണ്ടെത്തിയത്. ഇരു കെട്ടിട ഉടമകൾക്കെതിരെയും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു. ഒരാഴ്ച മുമ്പാണ് എം ജി റോഡരികിലെ സുൽത്താൻ ജ്വല്ലറി കെട്ടിടത്തിൽനിന്നും ഇത്തരത്തിൽ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പിടികൂടിയത്. നഗരത്തിലെ മിക്ക വൻകിട കെട്ടിടങ്ങളിൽനിന്നും രാത്രിയിൽ കക്കൂസ് മാലിന്യങ്ങൾ ഓവുചാലിലേക്ക് ഒഴുക്കുന്നത് പതിവാണ്.