ന്യൂദല്‍ഹി: സ്വയം ദൈവ പുരുഷന് എന്നറിയപ്പെടുന്ന നിത്യാനന്ദയ്ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. കാണാതാവുകയോ തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെ കണ്ടു പിടിക്കാനോ ആയി പുറപ്പെടുവിക്കുന്ന നോട്ടീസായ ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചത്.ഗുജറാത്ത് പൊലീസിന്റെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ധികളാക്കി ലൈംഗികമായി അതിക്രമിച്ച കേസിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ വെച്ച് ബെംഗളൂരുവിലെ ദമ്പതികളുടെ രണ്ടു പെണ്‍കുട്ടികളെ അന്യായമായി തടവില്‍ വെക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് ഗുജറാത്ത് പൊലീസ് നിത്യാനന്ദയെ അന്വേഷിക്കാന്‍ ആരംഭിച്ചത്.ലൈംഗികാതിക്രമം, പെണ്‍കുട്ടികളെ തട്ടികൊണ്ടു പോകല്‍ എന്നീ കുറ്റ കൃത്യങ്ങളില്‍ ആരോപണ വിധേയനായ നിത്യാനന്ദ താന്‍ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ച് രാജ്യം വിട്ടിരിക്കുകയാണ്.നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ പൊലീസിന് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇടക്കിടക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഇയാളുടെ വീഡിയോ ഇറങ്ങുന്നുണ്ട്.
നവംബര്‍ 22ന് സ്ഥലം വ്യക്തമാക്കാതെ ഇറക്കിയ ഒരു വീഡിയോയില്‍ താന്‍ പരമശിവനാണെന്നാണ് നിത്യാനന്ദ പറഞ്ഞത്. നിത്യാനന്ദയുടെ അനുയായികളോട് പറയുന്ന മതപ്രസംഗത്തിലാണ് താന്‍ സ്വയം പരമശിവനാണെന്ന് പ്രഖ്യാപിച്ചത്.ഡിസംബറില്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ രാജ്യം വിട്ട ഇയാള്‍ ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം ഉണ്ടാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇക്വഡോര്‍ എംബസി നിരസിച്ചിരുന്നു.