കോഴിക്കോട്: അമ്മയും അച്ഛനും ഒപ്പം കളിച്ച കുഞ്ഞു സഹോദരനും ഇല്ലാത്ത വീട്ടിലേക്കാണ് കുഞ്ഞു മാധവ് മടങ്ങിയെത്തിയത്. അവര്‍ ഇനി ഒരിക്കലും തനിക്കൊപ്പം ഉണ്ടാകില്ലെന്നും ആ കുരുന്നിന് അറിയില്ല. നേപ്പാളില്‍ മരിച്ച കോഴിക്കോട് സ്വദേശികളായ രഞ്ജിത്തിന്റെയും ഇന്ദുവിന്റെയും മൂത്ത മകനാണ് ഏഴു വയസുകാരനായ മാധവ്. രണ്ട് കുടുംബങ്ങളിലെ എട്ട് പേര് മരിച്ച അപകടത്തില്‍ ഒരു കുടുംബത്തില്‍ ബാക്കിയായത് മാധവ് മാത്രമാണ്. കുഞ്ഞനിയനായ രണ്ട് വയസുകാരന് വൈഷ്ണവും ദുരന്തത്തില്‍ മരിച്ചിരുന്നു.
കാഠ്മണ്ഡുവില്‍ നിന്നു മടങ്ങുമ്ബോള്‍ അച്ഛനും അമ്മയും അനിയനും കൂടെയില്ലെങ്കിലും മാധവ് ആഹ്ലാദത്തില്‍ തന്നെയായിരുന്നു. അവനൊപ്പം കളിക്കാന്‍ കൂട്ടുകാരി ഗൗരിയുണ്ട്. അഞ്ചു വയസ്സുകാരി ഗൗരി ലക്ഷ്മിക്കും അമ്മ അശ്വതിക്കുമൊപ്പം മാധവ് ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുമ്ബോള്‍ ചെറിയച്ഛന് അനീഷ് കാത്തു നില്ക്കുന്നുണ്ടായിരുന്നു. ആഹ്ളാദത്തോടെ പുറത്തു വന്ന മാധവിനും ഗൗരിക്കും അനീഷ് ഓരോ ലെയ്സ് പായ്ക്കറ്റു വാങ്ങിക്കൊടുത്തു. പായ്ക്കറ്റിനു പുറത്തുള്ള മീശ വെച്ചയാളുടെ ചിത്രം തന്റെ മുഖത്തോടു ചേര്‍ത്ത് മാധവ് ഗൗരിക്കു കാണിച്ചു കൊടുത്തു. കുട്ടികളുടെ കളിചിരികള്‍ക്കിടയില്‍ ഉള്ളു വിങ്ങിനില്‍ക്കുകയായിരുന്നു അനീഷും അശ്വതിയും.
അച്ഛനുമമ്മയും അനിയനും മറ്റൊരുലോകത്തേക്ക് യാത്രയായതൊന്നും രണ്ടാം ക്ലാസുകാരനായ മാധവ് ഇനിയുമറിഞ്ഞിട്ടില്ല. നേപ്പാളില്‍ താമസിച്ചിരുന്ന റിസോര്‍ട്ട് മുറിയിലെ ഹീറ്റര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നായിരുന്നു രഞ്ജിത്തും കുടുംബവും അപകടമുണ്ടായ മുറിയിലേക്ക് മാറിയത്. നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മാധവിനെ ഒപ്പം കൂട്ടിയിരുന്നില്ല. എന്നാല്‍ ആ ഉറക്കത്തില്‍ നിന്നും അവന് ഉണര്‍ന്നത് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത ലോകത്തേക്കായിരുന്നു. അവര്‍ക്കുണ്ടായ ദുരന്തം മനസിലാക്കാന്‍ പോലുമുള്ള പ്രായം കുഞ്ഞിനായിട്ടില്ല എന്നതാണ് ബന്ധുക്കളുടെയടക്കം ഉള്ളു പൊള്ളിക്കുന്നത്.കഴിഞ്ഞ ദിവസമാണ് കാഠ്മണ്ഡുവില്‍ നിന്ന് സംഘത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കൊപ്പം മാധവ് ഡല്‍ഹിയിലെത്തിയത്. അമ്മയായ ഇന്ദുവിന്റെ സഹോദരി ഭര്‍ത്താവ് കുട്ടിയെ കാത്ത് ഇവിടെ നില്‍പ്പുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പമാണ് രാത്രി പത്തു മണിയോടെ കോഴിക്കോട്ടെത്തിയത്. മാതാപിതാക്കളെ അന്വേഷിക്കുന്നുണ്ടെങ്കിലും ബന്ധുക്കള്‍ ഓരോന്നും പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.