കാസര്‍കോട്: കാസര്‍കോട് മായിപ്പാടി ഡയറ്റ് ലക്ചററും സാഹിത്യകാരനുമായ വിനോദ് കുമാര്‍ പെരുമ്പള മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.
മംഗലാപുരം സെന്റ് ആന്‍സ് കോളേജ് ഓഫ് എഡ്യൂക്കേഷനിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഫ്ലോസി ഡിസൂസയുടെ കീഴിലാണ് വേറിട്ട ചിന്തകളില്‍ പാക്കേജ് വികസിപ്പിച്ചു കൊണ്ട് പി.എച്ച്.ഡി ഗവേഷണം പൂര്‍ത്തിയാക്കിയത്. നിരവധി ദേശീയ വിദ്യാഭ്യാസ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം, കാസര്‍കോട് സാഹിത്യവേദി ജോ.സെക്രട്ടറി, ജില്ലാലൈബ്രറി ഭരണസമിതി അംഗം, കെ.എസ്.ടി.എ കാസര്‍കോട് ഉപജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 12 വര്‍ഷക്കാലം പെരുമ്പള എ.കെ.ജി ഗ്രന്ഥാലയം സെക്രട്ടറിയായിരുന്നു.
നേരത്തെ കോളിയടുക്കം ഗവ. യു.പി സ്കൂളില്‍ 15 വര്‍ഷമായി പ്രൈമറിയിലും കാറഡുക്ക ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നാച്ചുറല്‍ സയന്‍സ് അധ്യാപകനുമായിരുന്നു. മുറിഞ്ഞ നാവ്, പലര് നടക്കാത്ത പെരുവഴികള് എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: രമ്യ കെ. യുവകവയത്രിയും മുന്നാട് പീപ്പിള്‍സ്കോളേജ് മലയാളം അധ്യാപികയുമാണ്. അനവദ്യ, അദ്വയ് എന്നിവര്‍ മക്കളാണ്.