ഒമ്പതുകോടിയുടെ പാൻ മസാല പരസ്യം നിരസിച്ച് കാർത്തിക് ആര്യൻ, സൂപ്പർതാരങ്ങൾ കണ്ടുപഠിക്കണം എന്ന് ആരാധകർ
ഒമ്പതുകോടി രൂപ പ്രതിഫലം തരാമെന്ന പാൻ മസാല കമ്പനിയുടെ വാഗ്ദാനം നിരസിച്ച് ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ. ആരാധകർക്കിടയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ താല്പര്യമില്ലെന്ന കാരണത്താലാണ് നടൻ പരസ്യത്തിൽ നിന്ന് ഒഴിവായത് എന്നാണ് റിപ്പോർട്ട്. ഒരു പ്രമുഖ പരസ്യ നിർമാതാവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു.
ഒരു യുവതാരം എന്ന നിലയിൽ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം കണക്കിലെടുത്താണ് കാർത്തിക് ആര്യൻ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതെന്ന് നിർമാതാവ് പറഞ്ഞു. ഇത്രയും വലിയൊരു പ്രതിഫലം വേണ്ടെന്ന് വെയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴത്തെ താരങ്ങളിൽ വളരെ കുറച്ചുപേർക്കേ ഇങ്ങനെ ചിന്തിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ തെലുങ്ക് താരം അല്ലു അർജുനും പാൻ മസാലയുടെ പരസ്യത്തിൽ നിന്ന് പിന്മാറിയിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർ ഒരുമിച്ച് ഒരു പാൻമസാല പരസ്യത്തിൽ അഭിനയിച്ചത് വൻ വിമർശനത്തിനിടയാക്കിയിരുന്നു. തുടർന്ന് മാപ്പപേക്ഷിച്ച് അക്ഷയ്കുമാർ രംഗത്തെത്തിയിരുന്നു.
ഇത്തരം സൂപ്പർതാരങ്ങൾ കാർത്തിക് ആര്യനെ കണ്ടുപഠിക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. ബോളിവുഡിൽ ഈയിടെയുണ്ടായ ഏറ്റവും വലിയ ഹിറ്റായിരുന്നു കാർത്തിക് ആര്യനും തബുവും കിയാര അദ്വാനിയും പ്രധാനവേഷങ്ങളിലെത്തിയ ഭൂൽ ഭൂലയ്യ 2. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്, കങ്കണയുടെ ധാക്കഡ് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളെ തറപറ്റിച്ചായിരുന്നു ഭൂൽ ഭൂലയ്യ 2-ന്റെ വിജയം.
ഫ്രെഡ്ഡി, ഷേഹ്സാദ, സത്യപ്രേം കി കഥ എന്നിവയാണ് കാർത്തിക് ആര്യന്റേതായി അണയറയിൽ തയ്യാറെടുക്കുന്ന ചിത്രങ്ങൾ.