കാനറാ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ച സ്വർണം ഉടമയ്ക്ക് നഷ്ടമായി, അന്വേഷണം ആരംഭിച്ചു
ഓയൂർ: പൂയപ്പള്ളി കാനറാബാങ്ക് ശാഖയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ഓയൂർ വട്ടപ്പാറ സ്വദേശിയായ താഹയുടെ ലോക്കറിൽ നിന്നാണ് സ്വർണാഭരണങ്ങൾ അടങ്ങിയ പായ്ക്കറ്റ് നഷ്ട്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ബാങ്ക് മാനേജർ സജീവ് മറ്റൊരു ഇടപാടുകാരന് ലോക്കറിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനിടയിലാണ് മറ്റൊരു ലോക്കർ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ലോക്കറിന്റെ ഉടമയെ വിവരം അറിയിക്കുകയും ഉടമ ബാങ്കിലെത്തി ലോക്കർ പരിശോധിപ്പോഴാണ് ഒരു കവറിൽ സൂക്ഷിച്ചിരുന്ന രണ്ട് വളകളും ചെറു കമ്മലുകളും ഉൾപ്പടെ ആറ് പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് പൂയപ്പള്ളി പൊലീസിന് പരാതി നൽകി.
വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇദ്ദേഹം കഴിഞ്ഞ 23 ന് ബാങ്കിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയിരുന്നു. പിന്നീട് ലോക്കർ പൂട്ടുകയും ചെയ്തു. എന്നാൽ ശരിയായ രീതിയിൽ പൂട്ട് വീഴാത്തതാണ് ലോക്കർ തുറന്ന് കിടക്കാനിടയായതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.