വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരി നഗരം ഇനി തുപ്പി വൃത്തികേടാക്കിയാൽ കീശയിലെ കാശ് പോകും. തുപ്പി വൃത്തികേടാക്കിയാൽ ഇനി മുതൽ 500 രൂപ പിഴ ഈടാക്കാൻ സുൽത്താൻ ബത്തേരി നഗരസഭ തീരുമാനിച്ചു. സംസ്ഥാന മുനിസിപ്പിൽ നിയമം 341 പ്രകാരമാണ് നടപടി. ബത്തേരി നഗരസഭാ ആരോഗ്യ വിഭാഗവും പോലീസും ചേര്‍ന്നാണ് നിയമം നടപ്പിലാക്കുക.
നേരത്തെ വീട് നിര്‍മ്മാണത്തിന് അനുമതി ലഭിക്കണമെങ്കിൽ മുറ്റത്തൊരു വൃക്ഷത്തൈ നടണമെന്ന വ്യത്യസ്തമായ നിർദ്ദേശവുമായി നഗരസഭ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നഗരം തുപ്പി വൃത്തികേടാക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ബത്തേരി നഗരം തുപ്പി വൃത്തികേടാക്കിയാൽ 500 രൂപ പിഴ ഈടാക്കും. സംഭവത്തിൽ പോലീസ് കേസെടുത്താൽ 2000 രൂപ പിഴ നൽകേണ്ടി വരും. നഗരത്തിൻ്റെ പാതയോരങ്ങളിൽ മലമൂത്ര വിസര്‍ജനം നടത്തുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. മുഖവും വായും കഴുകി തുപ്പുന്നതും പിഴയുടെ പരിധിയിൽപ്പെടും.
പൊതുജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ട ചുമതല നഗരസഭക്കുണ്ടെന്ന് ചെയര്മാൻ ടി എൽ സാബു പറഞ്ഞു. വീട്ടിലും നാട്ടിലും ഒരുപോലെ വൃത്തി ആവശ്യമാണ്. വൃത്തി ഹീനമായ ഏത് പ്രവര്‍ത്തിക്കുമെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മുറുക്കി തുപ്പി വൃത്തികേടായ സ്ഥലങ്ങള്‍ കഴുകി വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളിൽ ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിക്കും.