പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയിൽ വൻ തട്ടിപ്പ്, വ്യാജരോഗികളുടെ മറവിൽ സർക്കാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന റാക്കറ്റിന് പിന്നിൽ ഡോക്ടർ ദമ്പതിമാർ
ഭോപ്പാൽ: കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന) തിരിമറി നടത്തിയ ഡോക്ടർ ദമ്പതിമാർ പിടിയിൽ. പദ്ധതിയിൽ തിരിമറി നടത്തി സർക്കാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മദ്ധ്യപ്രദേശ് സ്വദേശികളായ ഡോക്ടർമാർക്ക് പിന്നിൽ ഒരു റാക്കറ്റ് തന്നെ പ്രവർത്തിച്ചിരുന്നു. തട്ടിപ്പും വഞ്ചനാക്കുറ്റവുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജബൽപൂരിലെ സെൻട്രൽ ഇന്ത്യ കിഡ്നി ഹോസ്പിറ്റലിന്റെ ഉടമകളായ ഡോ. അശ്വിനി പതകും ഡോ.ദുഹിത പതകുമാണ് ഞെട്ടിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർ. ആയുഷ്മാൻ പദ്ധതിയിൽ അംഗങ്ങളായവരെ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പദ്ധതിയുടെ കാർഡ് ഉടമകളെ ചെറിയ പൈസ നൽകി അഡ്മിറ്റ് ചെയ്യുന്നു. എന്നിട്ട് സർക്കാരിൽ നിന്ന് പദ്ധതിപ്രകാരം ലഭിക്കുന്ന വലിയ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നു. ഇത്തരത്തിൽ പൈസ തട്ടിയെടുക്കുന്നതിനായി ആശുപത്രിയ്ക്ക് സമീപമുള്ള വേഗ എന്ന ഹോട്ടലിൽ കാർഡുടമകളായ 70 പേരെ ഇവർ പാർപ്പിച്ചിരുന്നു. ആശുപത്രിയുടെ രേഖകളിൽ ഉള്ള ഇവരുടെ രോഗലക്ഷണങ്ങളും രോഗനിർണയവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പദ്ധതിപ്രകാരം അഞ്ച് ലക്ഷം രൂപയാണ് രോഗിയുടെ കുടുംബത്തിന് പ്രതിവർഷം ലഭിക്കുന്നത്.
വലിയ ആരോഗ്യപ്രശ്നങ്ങളിലാത്തവരെ വേഗ ഹോട്ടലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് 70 പേരെ കണ്ടെത്തിയത്. കൊവിഡ് ആരംഭിച്ചതിന് പിന്നാലെ ഈ ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. ദമ്പതികളുടെ മകനായിരുന്നു ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. അഡ്മിറ്റ് ചെയ്തവരിൽ കൂടുതൽപേരും ദാമോ സ്വദേശികളാണ്. ഇവർ ദമ്പതികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളാണെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.
എന്നാൽ ഡോക്ടർ അശ്വിനി പതക് ആരോപണങ്ങൾ നിഷേധിച്ചു. ഹോട്ടൽ വേഗ ഇപ്പോൾ പ്രവർത്തനരഹിതമാണെന്നും ജില്ലാ ആശുപത്രിയിൽ നിന്ന് അനുവാദം ലഭിച്ചതിന് ശേഷമാണ് തങ്ങൾ അവിടെ നൂറ് കട്ടിലുകൾ ഉള്ള ആരോഗ്യ കേന്ദ്രം പ്രവർത്തിപ്പിക്കുന്നതെന്നും അശ്വിനി വ്യക്തമാക്കി. പദ്ധതിയുടെ കാർഡ് ഉടമകളിൽ നിന്ന് ചികിത്സയ്ക്കായി പണം ഈടാക്കാറില്ലെന്നും അശ്വിനി പറഞ്ഞു. ഡോ. അശ്വിനി പതക് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
എന്നാൽ സെൻട്രൽ കിഡ്നി ആശുപത്രി അധികൃതർ വ്യാജ രോഗികളെയാണ് വേഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നമ ശിവായി അർജാരിയ പറഞ്ഞു. ഹോട്ടൽ പൊലീസ് സീൽ ചെയ്തെങ്കിലും അവിടെ പ്രവർത്തിച്ചിരുന്ന സിടി സ്കാൻ പോലുള്ള മെഡിക്കൽ സംവിധാനങ്ങൾ നീക്കം ചെയ്തിട്ടില്ലെന്നും രോഗികൾക്കായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ അനുവാദമില്ലാതെയാണ് ഹോട്ടലിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ജില്ലയിലെ മുഖ്യ മെഡിക്കൽ ഓഫീസറായ ഡോ. സഞ്ചയ് മിശ്ര പറഞ്ഞു. ഹോട്ടലിന്റെ ബേസ്മെന്റിൽ അനധികൃതമായാണ് സിടി സ്കാൻ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.