റിതുലിനും സിദ്ധാർത്ഥിനും അമ്മയായി പ്രതിഭ; സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനായി
പേരാമ്പ്ര: നിപ ബാധിച്ച് മരണപ്പെട്ട സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുനർവിവാഹിതനായി. വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമായിരുന്നു. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയായ പ്രതിഭ അദ്ധ്യാപികയാണ്.നിപ ബാധിച്ച് ലിനി മരിച്ചതോടെയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് സജീഷ് കേരളത്തിൽ മടങ്ങിയെത്തിയത്. സർക്കാർ ജോലി ലഭിച്ച സജീഷ് നിലവിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. പുനർവിവാഹിതനാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് സജീഷ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രതിഭയ്ക്ക് പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളുണ്ട്. ലിനിയുടെയും സജീഷിന്റെയും മക്കളായ റിതുലും സിദ്ധാർത്ഥും പ്രതിഭയുടെ മകൾ ദേവപ്രിയയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.