കാഞ്ഞങ്ങാട്: അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ദ്ധനരും സാധാരണക്കാരുമായ രോഗികളെ സഹായിക്കാന്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സ് സര്‍വ്വീസിന് ജില്ലാശുപത്രിയില്‍ കടുത്ത അവഗണന.കായകല്‍പ്പം അവാര്‍ഡിന്റെ പെരുമ പറയുന്ന കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് 108 ആംബുലന്‍സില്‍ കൊണ്ടുവരുന്ന രോഗികളോട് വിവേചനം കാണിക്കുന്നത്.കഴിഞ്ഞ ദിവസം പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ജില്ലാശുപത്രിയിലേക്ക് റെഫര്‍ ചെയ്ത രണ്ടുരോഗികളുമായി എത്തിയ ആംബുലന്‍സ് ജീവനക്കാരോടാണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും പരുഷമായി പെരുമാറിയത്.ഒരേ ദിവസം വ്യത്യസ്ത സമയങ്ങളിലായി 2 രോഗികളെയാണ് പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും ജില്ലാശുപത്രിയിലേക്ക് റെഫര്‍ ചെയ്തത്.അതിലൊരാള്‍ ചര്‍ദ്ദിയും വയറിളക്കുമായി പെരിയയില്‍ അഡ്മിറ്റ് ചെയ്ത രോഗിയും മറ്റൊരാള്‍ ഒരു വൃദ്ധയുമായിരുന്നു.പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡ്യൂട്ടി ഡോക്ടറുടെ കത്തുമായാണ് 108 ആംബുലന്‍സില്‍ രോഗികളെ കൊണ്ടുവന്നത്.പെരിയയില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കാണ് ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. 108 ആംബുലന്‍സില്‍ രോഗികളുമായെത്തിയ ജീവനക്കാരോട് ഡോക്ടര്‍ തന്റെ പദവിക്ക് നിരക്കാത്ത രീതിയിലാണ് പെരുമാറിയിതെ ന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സര്‍ക്കാര്‍ ആംബുലന്‍സില്‍ ജില്ലാശുപത്രിയിലെത്തുന്ന രോഗികളെ താഴെയിറക്കി അത്യാഹിത വിഭാഗത്തിലെത്തിക്കാന്പോലും അറ്റന്ഡന്മാര് സഹായിക്കാറില്ലെന്ന് വ്യക്തമായിട്ടുണ്ട്. 108 ആംബുലന്‍സില്‍ ജില്ലാശുപത്രിയിലെത്തുന്ന രോഗികള്‍ തങ്ങള്‍ക്ക് ബാധ്യതയാണെന്ന മനോഭാവമാണ് ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറും നഴ്സുമാരും പെരുമാറുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയാന്‍ തിടുക്കം കാണിക്കുന്ന ജീവനക്കാര്‍ ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്.ഇതിനു പുറമെയാണ് 108 ആംബുലന്‍സുകളില്‍ എത്തിക്കുന്ന രോഗികളോടുള്ള അവഗണന.നഴ്സിങ് പഠനം പൂര് ത്തിയാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് 108 ആംബുലന്‍സുകളില്‍ നിയമിച്ചിരിക്കുന്നത്.അത്യാഹിത ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ജില്ലയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്.