കാഞ്ഞങ്ങാട്:തൃശ്ശൂരിന് സമീപം കുന്നംകുളത്തെ സാധാരണകുടുംബത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തനായ കുടുംബത്തിലെ മരുമകന്റെ അനുയായി എന്ന നിലയിലേക്കുള്ള സി.സി.തമ്പിയുടെ വളര്‍ച്ച സിനിമാ കഥകളെയും വെല്ലുന്നതാണ്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയുടെ വിശ്വസ്തനായി മാറിയ തമ്പിയുടെ തുടക്കം ദുബായിലായിരുന്നു.1980 ജോലി തേടി ഗള്‍ഫിലെത്തിയ തമ്പി നാലുവര്ഷിനകം സ്വന്തമായി ബിസിനസ്സ് തുടങ്ങി.കപ്പലുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഹോട്ടല്‍ വ്യവസായത്തിലേക്ക് കടന്നു.കേരളത്തിന്റെ കപ്പയും മീനും ദുബായിലെ വിപണിയില്‍ വിശിഷ്ട വിഭവങ്ങളാക്കി.ഫോര്‍സ്റ്റാര്‍ പദവിലുള്ള ഹോട്ടല്‍ വാടകയ്ക്ക് എടുത്ത് നാലുകെട്ട് എന്ന പേരില്‍ ഹോട്ടല്‍ ശ്യംഖല തുടങ്ങി.കൈകയച്ച് കക്ഷിഭേദമന്യേ സംഭാവനകള്‍ നല്കി.കഠിനാധ്വാനവും ആസൂത്രണമികവും എന്തും നേരിടാനുള്ള ചങ്കൂറ്റവും തമ്പിയെ വ്യത്യസ്ഥനാക്കി.സോണിയ കുടുംബമായുള്ള ബന്ധം ബിജെപിയുടെ കണ്ണിലെ കരടായി.ദുബായ്,അജ്മാന്,ഫുജൈറ,റാസല്‍ഖൈമ എന്നിവിടങ്ങളില്‍ തമ്പിയുടെ സാമ്രാജ്യം വളര്‍ന്നു.റോബര്‍ട്ട് വധേര ദുബായില്‍ 14 കോടിയുടെ വില്ലവാങ്ങിയത് തമ്പി മുഖേനയെന്ന് ആരോപണമുണ്ട്.ലണ്ടനില്‍ ഫ്ളാറ്റ് വാങ്ങിയതിലും ഇടനിലക്കാരന് തമ്പിയാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.കുന്നംകുളത്തിനടുത്ത് തേജസ് എന്ന പേരില്‍ സ്വാശ്രയ എഞ്ചിനീയറിങ് സ്ഥാപനവും തമ്പി നടത്തുന്നുണ്ട്.പ്രവാസി മലയാളികളുടെ കരുത്തനായ തമ്പി ഒട്ടേറെപേര്‍ക്ക് വിദേശത്ത് ജോലി നല്‍കിയിട്ടുണ്ട്.കേരളത്തിലെ സി.പിഎമ്മുമായും കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധമുണ്ട്.ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമ്പിയുടെ കമ്പിനിക്ക് 100 കോടിയുടെ ആസ്തിയുണ്ട്. കൊച്ചി,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലകളിലും വന്‍നിക്ഷേപമുണ്ട്.ഹരിയാനയില്‍ 450 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ഇയാളെ മുമ്പ് ചോദ്യം ചെയ്തിട്ടുണ്ട്.കാസര്‍കോട് ജില്ലയിലും തമ്പി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.