അമ്മയെ കടന്നുപിടിക്കാന്‍ ശ്രമം, ശല്യംചെയ്യല്‍; യുവാവിനെ തലയ്ക്കടിച്ച് കൊന്ന് 23-കാരന്
വിശാഖപട്ടണം: അമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ 23-കാരന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി. ശ്രീനു(45)വിനെയാണ് പ്രസാദ് എന്നയാള്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കേസില്‍ പ്രസാദ്, അമ്മ ഗൗരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രസാദിന്റെ അമ്മ ഗൗരിയെ ശ്രീനു ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. വീട്ടുജോലിക്കാരിയായ ഗൗരി ഞായറാഴ്ച രാവിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ശ്രീനുവിന്റെ ഉപദ്രവമുണ്ടായത്. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയില്‍ ഗൗരിയുടെ കൈകളില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഗൗരിയും ശ്രീനുവും തമ്മില്‍ റോഡില്‍വെച്ച് വഴക്കിടുകയും ചെയ്തു. പിന്നീട് നാട്ടുകാരാണ് ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞയച്ചത്.
എന്നാല്‍ വീട്ടിലെത്തിയ ഗൗരി മകനോട് വിവരം പറഞ്ഞു. ഇതോടെ പ്രസാദ് അമ്മയെയും കൂട്ടി കവലയിലേക്ക് എത്തുകയും ശ്രീനുവിനെ ആക്രമിക്കുകയുമായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ശ്രീനുവിനെ കൊലപ്പെടുത്തിയത്. യുവാവ് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ പ്രസാദും അമ്മയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
സമീപത്തെ കടയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍നിന്ന് കൊലപാതകത്തിന്റെ ദൃശ്യങ്ങളും സംഭവത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതികളും കൊല്ലപ്പെട്ടയാളും തമ്മില്‍ നേരത്തെ വൈരാഗ്യമൊന്നും ഇല്ലെന്നും പ്രസാദിന്റെ അമ്മയെ ശല്യപ്പെടുത്തിയതാണ് പ്രകോപനമായതെന്നും പോലീസ് പറഞ്ഞു.