ബംഗളൂരു : ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് ബംഗളൂരുവില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന നൂറോളം കുടിലുകള്‍ പൊലീസ് പൊളിച്ചുനീക്കി. ബംഗളൂരു ബെല്ലാണ്ടൂരിലെ കരിയമന അഗ്രഹാരയിലെ കുടിലുകളാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് പൊളിച്ചുനീക്കിയത്. കരിയമന അഗ്രഹാരയില്‍ ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ കുടില്‍കെട്ടി താമസിക്കുന്നുവെന്ന് ബിജെപി എംപി അരവിന്ദ് ലിംബവാലി ട്വീറ്റ് ചെയ്യുകയായിരുന്നു. ഇവരെ തുരത്തണമെന്നും ലിംബവാലി ആഹ്വാനംചെയ്തു. പിന്നാലെ പൊലീസ് കുടിലുകള്‍ പൊളിച്ചുനീക്കി. രണ്ടുദിവസംമുമ്ബ് ഇവിടേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിയിരുന്നു. ഇതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലായി.
തങ്ങള്‍ ഇന്ത്യക്കാരാണെന്നും ജാര്‍ഖണ്ഡ്, ത്രിപുര, അസം തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ബംഗളൂരുവില്‍ ജോലിക്ക് എത്തിയവരാണെന്നും താമസക്കാര്‍ പറഞ്ഞു. ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ സെക്യൂരിറ്റി, നിര്‍മാണം, വീട്ടുജോലി തുടങ്ങിയ മേഖലകളില്‍ ജോലിനോക്കുന്നവരാണ് ബഹുഭൂരുപക്ഷവും. കര്‍ണാടക സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, കുടിലുകള്‍ പൊളിച്ചുനീക്കിയ നടപടി ശരിയല്ലെന്ന് ബംഗളൂരു നഗരസഭ ബൃഹദ് ബംഗളൂരു മഹാനഗര പാലിക വ്യക്തമാക്കി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പൊളിച്ചുനീക്കാന്‍ ഉത്തരവ് നല്കിയ പിഡബ്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നാരായണ സ്വാമിയെ സസ്പെന്‍ഡ് ചെയ്തു. സ്വകാര്യ ഭൂമിയിലെ കുടിലുകള്‍ നീക്കാന്‍ അദ്ദേഹത്തിന് നിയമപരമായി അധികാരമില്ലെന്നും മഹാനഗര പാലിക അറിയിച്ചു.