കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ റബ്ബര്‍ ചെക്ക് ഡാമുകള്‍ കാസര്‍കോട് ജില്ലയില്‍. ആദ്യ ഘട്ടമായി ജില്ലയിലെ അഞ്ചിടങ്ങളിലാണ് റബ്ബര്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുക. ജില്ലയില്‍ ജല പരിപാലനത്തിനും വെളളപ്പൊക്ക പ്രതിരോധത്തിനും വേണ്ടി ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റബ്ബര്ചെക്ക് ഡാമുകളുടെ നിര്‍മ്മാണത്തിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയായി. ഭുവനേശ്വറിലെ ഐ.സി.എ.ആറിന്റെ കീഴിലുളള കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്താല്‍ ഇറിഗേഷന്‍ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് റബ്ബര്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണത്തിനായി 243 ലക്ഷം രൂപയാണ് കാസര്‍കോട് വികസന പാക്കേജില്‍ വകയിരുത്തിയിട്ടുളളത്.
മധൂര്‍ പഞ്ചായത്തിലെ മധുവാഹിനിപ്പുഴ, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ആലന്തട്ട-നപ്പാച്ചാല് തോട്, പിലിക്കോട് പഞ്ചായത്തിലെ മണിയാട്ടുതോട്, വോര്‍ക്കാടി പഞ്ചായത്തില്‍ മഞ്ചേശ്വരംപുഴ, പനത്തടി പഞ്ചായത്തിലെ മാനടുക്കം-എരിഞ്ഞലംകോട് തോട് തുടങ്ങിയവയിലാണ് ആദ്യ ഘട്ടമായി റബ്ബര്ച്ചെക്ക്ഡാമുകള് നിര്‍മ്മിക്കുക.ദക്ഷിണേന്ത്യയില്‍ ഊട്ടിയില്‍ മാത്രം നിര്‍മ്മിച്ചിട്ടുളള റബ്ബര്‍ ചെക്ക്ഡാം എന്ന നൂതന ആശയം ജില്ലയില്‍ വരുന്നതോടെ ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരമാകും. റബ്ബര്‍ ചെക്ക് ഡാമുകള്‍ക്ക് 1.5 മീറ്റര്‍ മുതല്‍ 2.5മീറ്റര്‍ വരെ സംഭരണ ഉയരമുണ്ടാകും. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.കെ രമേശന്, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി രാജന്, മറ്റു ജില്ലാ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം റബ്ബർ ചെക്ഡാം പദ്ധതി പ്രകൃതിക്കിണങ്ങുന്നതും കർഷക ക്ഷേമം ലക്ഷ്യമാക്കിയുള്ളതുമായിരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.ഊട്ടിയിലെ ഭൗമ കാലാവസ്ഥ ഘടനയല്ല കാസര്കോട്ടെതെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ ജനകീയ ചർച്ചകൾക്ക് ജില്ലാ ഭരണകൂടം തയ്യറാകണമെന്നും ആശങ്കകൾ അകറ്റണമെന്നുമാണ് പൊതുവിൽ ഉയർന്ന ആവശ്യം.റബ്ബർ ചെക്ക്ഡാം പദ്ധതി ചിലർക്ക് ഫണ്ട് വിഴുങ്ങാനുള്ള ഉപാധിയാകരുതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.