ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്കിയ എല്ലാ ഹര്‍ജികൾക്കും മറുപടി നൽകാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ രണ്ടായി പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. അംസം, ത്രിപുര കേസുകൾ പ്രത്യേകം പരിഗണിക്കും. മറുപടി നൽകാൻ ആറാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം അറിയിച്ചു. മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. അഞ്ച് ആഴ്ചകൾക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഹർജികൾ പരിഗണിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പുതിയ ഹർജികളിൽ കേന്ദ്രത്തിന് നോട്ടീസയച്ചു. അതേസമയം പൗരത്വ നിയമത്തിന് ഈ ഘട്ടത്തിൽ സുപ്രീംകോടതി സ്റ്റേനൽകിയില്ല. ഹർജികളിൽ ഇടക്കാല ഉത്തരവിടുന്നത് ഭരണഘടനാ ബഞ്ച് പരിഗണിക്കും. പൗരത്വ നിയമത്തിനെതിരായ ഹർജികൾ ഹൈക്കോടതികൾ പരിഗണിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവും ഒപ്പം ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അപേക്ഷകളും ഹര്‍ജികള്‍ക്കൊപ്പം എത്തിയിരുന്നു. പൗരത്വനിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറല്‍ ഇത് എതിര്‍ത്തു.
അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിൽ അനുഭവപ്പെട്ടത്. 140 ഹര്‍ജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. യുഎസ്,പാകിസ്താന് സുപ്രീംകോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്, അഭിഷേക് സിങ്വി, ഇന്ദിര ജയ്സിങ് തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടിയും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടിയും ഹാജരായി.