തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാനുസൃതമാണെന്നും ഒരുവിധത്തിലുള്ള ചട്ടലംഘനം നടത്തിയിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ച് സർക്കാർ. ഹർജി നൽകിയതുസംബന്ധിച്ച് ഗവർണർ ആരിഫ് മൊഹമദ്ഖാൻ റിപ്പോർട്ട് തേടിയാൽ ഇക്കാര്യം വിശദമാക്കി മറുപടി നൽകും. റിപ്പോർട്ട് തേടുമെന്ന് ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞതല്ലാതെ, സർക്കാരിന് ഇതുവരെ രേഖാമൂലം ലഭിച്ചിട്ടില്ല. ഡൽഹിയിലുള്ള ഗവർണർ ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്നാണ് വിവരം.
സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്യുന്നതിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ ശനിയാഴ്ച വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല ഹർജിക്ക് ആധാരം. കേന്ദ്ര സർക്കാരുമായോ മറ്റ് സംസ്ഥാനങ്ങളുമായോ ഉള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമാണെന്നതിന് പ്രസക്തിയില്ല. കേന്ദ്രസർക്കാരോ മറ്റ് സംസ്ഥാനങ്ങളോ എതിർകക്ഷിയായി വരികയാണെങ്കിൽ മാത്രമേ മുഖ്യമന്ത്രി ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ടതുള്ളൂവെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചുള്ള നടപടിക്രമം പാലിച്ചില്ലെന്ന വാദം നിരർഥകമാണെന്ന് സർക്കാർ അറിയിക്കും.
ഹർജി സംബന്ധിച്ച് സർക്കാർ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിൽ കേന്ദ്രസംസ്ഥാന ബന്ധങ്ങളെ ബാധിക്കാത്തവിധം സുപ്രീംകോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശം ഉറപ്പുവരുത്തുന്നതാണ് അനുച്ഛേദം 131. ഭരണഘടനയുടെ 167–-ാം വകുപ്പിൽ ഭരണനിർവഹണവുമായി ബന്ധപ്പെട്ടും നിയമനിർമാണം സംബന്ധിച്ചുമുള്ള കാര്യങ്ങൾ ഗവർണറെ അറിയിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ നിയമത്തിനെതിരെ നൽകിയ ഹർജിയിൽ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് വിവേചനപരമാണെന്നും പറഞ്ഞിട്ടുണ്ട്. നിർണായകമായ നിയമപോരാട്ടത്തിനാണ് ഇത് വഴിതുറന്നത്. ഹർജിയിൽ ചട്ടലംഘനമുണ്ടോയെന്നും ഗവർണറുടെ അനുമതി ആവശ്യമാണോയെന്നതടക്കമുള്ള കാര്യങ്ങൾ സുപ്രീംകോടതിയാണ് പരിശോധിക്കേണ്ടത്. ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച ഒരു കാര്യത്തിൽ സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസ് ചട്ടം ഉയർത്തിയുള്ള വിമർശനം നിലനിൽക്കില്ലെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തി.