ലക്നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നിശിതമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ എത്ര തന്നെ പ്രതിഷേധിച്ചാലും ഒരു കാരണവശാലും അത് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. താന്‍ ഇക്കാര്യം വ്യക്തവും സ്ഫുടവുമായാണ് പറയുന്നതെന്നും നിയമത്തിനെതിരെ എത്ര വേണമെങ്കിലും പ്രതിഷേധിച്ചുകൊള്ളുവാനും പറഞ്ഞുകൊണ്ട് അമിത് ഷാ വെല്ലുവിളി മുഴക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ നടക്കുന്ന റാലിയിലാണ് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇവിടുത്തെ ജനങ്ങള്‍ക്ക് മുന്‍പിലായി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും മറ്റ് പാര്‍ട്ടി നേതാക്കളെയും അമിത് ഷാ വിമര്‍ശിക്കുകയുണ്ടായി. കോണ്‍ഗ്രസാണ് രാജ്യം രണ്ടായി വിഭജിച്ചതിന്റെ കാരണക്കാരെന്നും ഷാ ആരോപിച്ചു. ഇതുകൂടാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെയും അമിത് ഷാ വിമര്‍ശനം അഴിച്ചുവിട്ടു.
‘പൗരത്വ നിയമത്തിന്റെ വിമര്‍ശകരോട് ഞാന്‍ വളരെ വ്യക്തമായും ഉച്ചത്തിലും പറയുകയാണ്, ഒരു കാരണവശാലും നിയമം പിന്‍വലിക്കാന്‍ പോകുന്നില്ല. എത്രതന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായാലും. ഞാനാണ് ഈ ബില്‍ ലോക്സഭയില്‍ കൊണ്ടുവന്നത്. ഈ ബില്‍ പൊതുജനങ്ങള്‍ക്ക് മുന്‍പിലായി ചര്‍ച്ച ചെയ്യണം എന്നാണ് പ്രതിപക്ഷത്തോട് എനിക്ക് പറയാനുള്ളത്.’ ഷാ പറഞ്ഞു.
‘ഇതുമൂലം(പൗരത്വ നിയമഭേദഗതി) ആരുടെയും പൗരത്വം തട്ടിയെടുക്കാന്‍ സാധിക്കുമെന്നാണ് വാദമെങ്കില്‍, നിങ്ങള്‍ അത് തെളിയിക്കണം. അന്ധരും ബധിരരുമായ നേതാക്കള്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കാണാന്‍ കഴിയില്ല. സി.എ.എ വിരുദ്ധ കക്ഷികള്‍ നിയമത്തിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്.’ ഈ കാരണം കൊണ്ടാണ് രാജ്യത്തെ വിഘടിക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ത്തുകൊണ്ട് ജനങ്ങള്‍ക്ക് മുന്പില് ബി.ജെ.പി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ‘ബോധവത്കരണങ്ങള്‍’ നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.