കാര്‍ ചേസിങ്, വെടിവെപ്പ്, സിനിമയെ വെല്ലുന്ന രംഗങ്ങള്‍; കോടികളുടെ ഹൈവേ കവര്‍ച്ച
മുംബൈ: പൂണെയിലെ ഇന്ദാപുരില് സിനിമാരംഗങ്ങളെ വെല്ലുന്ന ഹൈവേ കവര്‍ച്ച. പൂണെ-സോളാപുര്‍ ഹൈവേയിലാണ് നാല് വാഹനങ്ങളിലായി എത്തിയവര്‍ കാര്‍ ആക്രമിച്ച് 3.60 കോടി രൂപ കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഭവേഷ്കുമാര്‍, വിജയ്ബായ് എന്നിവര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചാണ് കൊള്ളസംഘം പണം കവര്‍ന്നത്. മൂന്നരക്കോടിയിലേറെ രൂപയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ട് കാറിലും രണ്ട് ബൈക്കിലുമായെത്തിയ സംഘം പിന്തുടരുകയായിരുന്നു.
റോഡിലെ ഒരു ഹംപിന് സമീപം കാര്‍ വേഗത കുറച്ചപ്പോള്‍ കൊള്ളസംഘം വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാഹനം വേഗത കുറച്ചോടെ പിന്നാലെയെത്തിയ കാറുകളിലുള്ളവര്‍ ഇരുമ്പ് വടികളടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. ഇതോടെ ഇരുവരും കാര്‍ വേഗത്തില്‍ ഓടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ അക്രമിസംഘം ഇവരെ വിടാന്‍ തയ്യാറായിരുന്നില്ല. നാല് വാഹനങ്ങളിലായി ചേസിങ് തുടര്‍ന്ന സംഘം പിന്നീട് കാറിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ കാര്‍ നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് കൊള്ളസംഘം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെയും മര്‍ദിച്ച് പണം തട്ടിയെടുത്തെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തില്‍ പരാതി ലഭിച്ചതോടെ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കാറിലുണ്ടായിരുന്നത് ഹവാല പണമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരായ ഭവേഷും വിജയ്ബായിയും ഹവാല റാക്കറ്റുമായി ബന്ധമുള്ളവരാണെന്നും പോലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ചും അന്വേഷണം തുടരുകയാണ്.