പമ്പ് ജീവനക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ഉപയോഗിച്ചത് സ്വന്തമായി നിര്‍മിച്ച വാള്, മോഷണവും
മാറനല്ലൂര്‍: കണ്ടല പെട്രോള്‍ പമ്പിലെ സുരക്ഷാ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റംപള്ളി തൊടുവട്ടിപ്പാറ സ്വദേശി പ്രിന്‍സ് (ഉണ്ണി-21) ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 5-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് പമ്പിലെ സുരക്ഷാ ജീവനക്കാരനായ ചീനിവിള ആനമണ്‍ കുളങ്ങര മേലേ പുത്തന്‍ വീട്ടില്‍ സുകുമാരന്‍ (61) ആക്രമിക്കപ്പെട്ടത്. കൈയ്ക്കും താടിയെല്ലിനും മുതുകിനും ഗുരുതരമായി പരിക്കേറ്റ സുകുമാരന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാലാണ് അപകടാവസ്ഥ തരണം ചെയ്തത്.
പമ്പിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് യുവാവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും ക്യാമറയുടെ തെളിച്ചക്കുറവ് പ്രതിയെ കണ്ടെത്തുന്നതിന് വെല്ലുവിളിയായി. പ്രദേശത്തെ നൂറോളം ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുടുങ്ങിയത്. സ്വന്തമായി നിര്‍മിച്ച വാള് ഉപയോഗിച്ചാണ് പ്രിന്‍സ് ആക്രമണം നടത്തിയത്.
മാറനല്ലൂര്‍ എസ്.എച്ച്.ഒ. സന്തോഷ്കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. ശാലു, ഗ്രേഡ് എസ്.ഐ.മാരായ ജയരാജ്, മോഹനന്, സി.പി.ഒ.മാരായ വിപിന്‍, സുധീഷ് കുമാര്‍, കൃഷ്ണകുമാര്‍, അഖില്‍, ഹോംഗാര്‍ഡ് വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.