ബിഗ്ബോസ് സീസൺ 16ൽ സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലം കേട്ട് കണ്ണുതള്ളി സിനിമാലോകം, ഇന്ത്യയിലെ മറ്റൊരു നടനും ഇതിന്റെ ഏഴയലത്ത് എത്തില്ല
ഇന്ത്യയിലെ റിയാലിറ്റി ഷോകളുടെ രാജാവാണ് ബിഗ് ബോസ് എന്ന് പറയാം. കാരണം ഇന്ത്യയിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള ഷോ പതിനാറാം സീസണിൽ എത്തി നിൽക്കുകയാണ്. ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ബിഗ് ബോസിനെ വെല്ലാനാരുമില്ല. പരിപാടിയുടെ ഹിന്ദി പതിപ്പിന്റെ ജനപ്രീതി ഷോയുടെ നട്ടെല്ലായ ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രതിഫലത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. താരം പതിനാറാം സീസണിനായി വാങ്ങുന്ന പ്രതിഫലം കേട്ട് അന്തംവിട്ടിരിക്കുകയാണ് സിനിമാ- ടെലിവിഷൻ ലോകം.
ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെടുന്നതിന് 43.75 കോടിയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസം നീളുന്ന പരിപാടിയിൽ 24 തവണയാണ് താരം മത്സരാർത്ഥികൾക്ക് മുന്നിലെത്തുന്നത്. അങ്ങനെ ആകെ ഒരു സീസണിനായി താരത്തിന് ലഭിക്കുന്ന പ്രതിഫലം 1050 കോടി രൂപയാണ്. തന്റെ തിരക്കേറിയ സിനിമാ ഷെഡ്യൂളിനിടയിൽ സമയം കണ്ടെത്തുന്നതിനാലാണ് താരം പ്രതിഫലം വർദ്ധിപ്പിച്ചതെന്നാണ് സൂചന. പരിപാടിയുടെ നിർമാതാക്കൾ ഇത് സമ്മതിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
2010ൽ ബിഗ്ബോസ് നാലാം സീസണിന്റെ അവതാരകനായാണ് സൽമാൻ ഖാൻ പരിപാടിയിലേക്ക് എത്തുന്നത്. ഒരു എപ്പിസോഡിന് രണ്ടര കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. നാലാം സീസൺ വമ്പൻ ഹിറ്റായതോടെ സൽമാൻ ഖാന്റെ താരമൂല്യവും വർദ്ധിക്കുകയായിരുന്നു. തുടർന്ന് ഏഴാം സീസൺ എത്തിയപ്പോൾ താരം തന്റെ പ്രതിഫലം ഒരു എപ്പിസോഡിന് ഏഴ് കോടിയായി വർദ്ധിപ്പിച്ചു. ബിഗ്ബോസ് വമ്പൻ ഹിറ്റായി മറ്റ് ഭാഷകളിലും എത്തിയതോടെയാണ് 1050 കോടിയെന്ന ഭീമമായ പ്രതിഫലതുകയിൽ താരമിപ്പോൾ എത്തിനിൽക്കുന്നത്.